ബിൽക്കീസ് ബാനു കേസിലെ കുറ്റവാളി ഗുജറാത്ത് സർക്കാർ പരിപാടിയിൽ; ബിജെപി എംപിക്കും എംഎൽഎക്കുമൊപ്പം വേദിയില്‍
ദാഹോദിലെ ബിജെപി എംപി ജസ്വന്ത് സിൻഹ് ഭദോർ, അദ്ദേഹത്തിന്റെ സഹോദഗനും ലിംഖേഡ മണ്ഡലത്തിലെ എംഎൽഎയുമായ സൈലേഷ് ഭദോർ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയും പങ്കെടുത്തത്.
അഹമ്മദാബാദ്: ബിൽക്കീസ് ബാനു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. എംപി, എംഎൽഎമാരടക്കം പങ്കെടുത്ത പരിപാടിയിലാണ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ശൈലേഷ് ചിമൻലാൽ ഭട്ട് പങ്കെടുത്തത്. ജലവിതരണ പദ്ധതി ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ദാഹോദിലെ ബിജെപി എംപി ജസ്വന്ത് സിൻഹ് ഭദോർ, അദ്ദേഹത്തിന്റെ സഹോദഗനും ലിംഖേഡ മണ്ഡലത്തിലെ എംഎൽഎയുമായ സൈലേഷ് ഭദോർ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയും പങ്കെടുത്തത്. ഇവരുടെ കൂടെ ഫോട്ടോയെടുക്കുകയും പരിപാടിയോടനുബന്ധിച്ച് നടത്തിയ പൂജയിൽ പങ്കെടുക്കുകയും ചെയ്തു.
എംപി തന്നെ ഈ ഫോട്ടോകൾ സഹിതം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. ഗുജറാത്ത് സർക്കാറിന്റെ തീരുമാനപ്രകാരം ബിൽക്കീസ് ബാനു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും കഴിഞ്ഞ ഓഗസ്റ്റിൽ ജയിൽമോചിതരാക്കിയിരുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര രംഗത്തെത്തി. ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കും. ബിൽക്കിസ് ബാനു കേസിൽ നടന്നത് വലിയ കുറ്റകൃത്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ബിൽക്കിസ് ഭാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.
പതിനൊന്ന് പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ്ബാനു നൽകിയ ഹര്‍ജിയും മറ്റു പൊതുതാൽപര്യഹർജികളും പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കേസിൽ നടന്നത് ഭയനാനകമായ കുറ്റകൃത്യമാണ്. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ സുപ്രീ കോടതിയുടെ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മോചനമെന്ന് ഹർജിക്കാർ മറുപടി നൽകി. കൊലപാതക കേസുകളിലെ പ്രതികൾ ജയിൽ മോചനമില്ലാതെ കഴിയുകയാണ്. മോചനം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. എന്നാൽ ഈ കേസിൽ മോചനം നൽകിയത് സമാനമായി മറ്റു കേസുകളിൽ സ്വീകരിച്ച നടപടികൾ പ്രകാരമാണോ എന്നും ഗുജറാത്ത് സർക്കാരിനോട് കോടതി ചോദിച്ചു.