ബൈക്ക് ട്രക്കിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണപ്പോൾ മറ്റൊരു വാഹനം പാഞ്ഞുകയറി; 3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബിഎസ്‌സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്
ബെംഗളൂരു: ട്രക്കിലിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു എയർപോർട്ട് റോഡിൽ ചിക്കജാല മേൽപ്പാലത്തിലാണ് സംഭവം. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ (ജികെവികെ) ബിഎസ്‌സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് ചരക്കുമായി പോവുകയായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. സുചിത്താണ് ബൈക്ക് ഓടിച്ചിരുന്നതെന്നും അമിത വേഗതയിൽ ലെയിൻ മാറാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നുമാണ് പൊലീസ് പറയുന്നത്. റോഡിലേക്ക് വീണ മൂന്ന് പേരുടെയും ശരീരത്തിൽ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഈ വാഹനം നിർത്താതെ പോവുകയും ചെയ്തു. മരിച്ച മൂന്ന് പേർക്കും 21-22 വയസ്സാണ് പ്രായം.
അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഹോസ്റ്റലിൽ നിന്ന് രണ്ട് ബൈക്കുകളിലായി പുറത്തുപോയപ്പോഴാണ് അപകടമുണ്ടായത്. രണ്ട് പേർ മറ്റൊരു ബൈക്കിലാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്‍റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനാണ് ഇവർ പോയതെന്നാണ് റിപ്പോർട്ട്. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ബി ആർ അംബേദ്കർ ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം