ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ; സിപിഎം പുറത്ത് നിന്ന് പിന്തുണക്കും: സിതാറാം യെച്ചൂരി
സിപിഎം, മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കും. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു
ദില്ലി: ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാർ ഉപ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ മഹാസഖ്യ സർക്കാരിൽ സിപിഎം ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഇടത് പാർട്ടികളെ പോലെ സിപിഎം, മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കും. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി യാദവ് നടത്തുന്നത്. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രി സ്ഥാനവുമാകും ലഭിക്കുക. തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം.
എന്നാൽ സംസ്ഥാനത്ത് 12 എംഎൽഎമാരുള്ള പ്രധാന ഇടത് പാർട്ടിയായ സിപിഐ എംഎല്‍ പുറത്ത് നിന്ന് പിന്തുണക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സിപിഐ എംഎൽ മന്ത്രിസഭയിൽ വേണമെന്ന നിലപാടാണ് ജെഡിയുവിന്. അങ്ങിനെ വരുമ്പോൾ ആർജെഡി മന്ത്രിസ്ഥാനം കുറയ്ക്കേണ്ടി വരും. എന്നാൽ മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചാൽ മതിയെന്ന നിലപാടാണ് സിപിഐ എംഎൽ, സിപിഐ, സിപിഎം എന്നീ ഇടത് പാർട്ടികൾക്കുള്ളത്. മന്ത്രിസഭയില്‍ ചേരണോയെന്ന കാര്യത്തിൽ സിപിഐ എംഎൽ പാര്‍ട്ടി സംസ്ഥാന സമിതി നാളെ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.