ദില്ലിയിൽ കൊവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർധന; ദിവസവും പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ
ദില്ലിയിൽ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നു. 97,693 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
ദില്ലി: ദില്ലിയിൽ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നു. 97,693 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ മുകളിലാണ് ദിവസേന രോഗം ഭേദമാകുന്നവരുടെ എണ്ണം. രോഗമുക്തി നിരക്ക് 82.34 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ദില്ലിയിലാണ്.
കൊവിഡ് പരിശോധനയുടെ എണ്ണവും കൂട്ടി. ഇതുവരെ ഏഴര ലക്ഷം സാമ്പിളുകളാണ് ദില്ലിയിൽ പരിശോധിച്ചത്. പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെ കൊണ്ടുവരാനായതും ആശ്വാസമായി. കൊവിഡ് മരണം കുറയ്ക്കുന്നതിലാണ് കൂടുതൽ ശ്രദ്ധയെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഇതുവരെ 1,30,72,718 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 3,33,228 സാമ്പിളുകള്‍ പരിശോധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സാമ്പിള്‍ പരിശോധനയാണിത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് വെറും 20 ദിവസമാണ്. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോള്‍ അടുത്ത 20 ദിവസത്തില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത.
10,03,832 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 34,956 പേര്‍ക്ക് രോഗം ബാധിക്കുകയും 687 പേര്‍ മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 25602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് ജനുവരി 30നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
വുഹാനില്‍ നിന്നുവന്ന ഒരു വിദ്യാര്‍ത്ഥിയിലാണ് ആദ്യ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മാസം കഴിഞ്ഞ് മാര്‍ച്ച് രണ്ട് ആയപ്പോള്‍ കൊവിഡ് അഞ്ചുപേര്‍ക്ക് മാത്രം. മാര്‍ച്ച് 4ന് അത് 28 ആയി. അപ്പോഴേക്കും ചൈനയിലെ വുഹാന്‍ നിശ്ചലമായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
രോഗികള്‍ ഓരോ ദിവസവും കൂടാന്‍ തുടങ്ങിയതോടെയാണ് അപകടം മണത്തത്. രോഗ വ്യാപനം ഉയര്‍ന്നാല്‍ ചികിത്സിക്കാനുള്ള സംവിധാനമില്ല. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമെന്നും ഉടന്‍ രാജ്യം അടച്ചുപൂട്ടണമെന്ന് ഐസിഎംആര്‍ ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 24 ന് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഒരു പരിധിവരെ അത് സഹായിച്ചു. ഏപ്രില്‍ ഒന്നിന് രണ്ടായിരത്തോളം പേരായിരുന്നു രോഗ ബാധിതര്‍. മരണം 41. മെയ് ഒന്നിന് അത് 35,365 ഉം 1152 ഉം ആയി ഉയര്‍ന്നു. ജൂണ്‍ ഒന്ന് മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാന്‍ തുടങ്ങി.
ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് ഒന്ന് വരെ നാല് ലക്ഷത്തോളം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ജൂലായ് ഒന്നിന് 5,85,493 ആയി. ജൂലായ് 10ന് ഇത് 7,93,802 ആയി. പത്ത് ദിവസത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കുകൂടി രോഗം. ഇപ്പോള്‍ പത്ത് ലക്ഷം കടക്കുമ്പോള്‍ ഒരാഴ്ചക്കുള്ളില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കുകൂടി രോഗം ബാധിച്ചു.
ജൂണ്‍ ഒന്നിന് 5394 ആയിരുന്ന മരണനിരക്ക്. ഒന്നര മാസത്തില്‍ ഇരുപത്തി അയ്യായിരം കടന്നു. ലോകത്താകെയുള്ള കൊവിഡ് രോഗികളില്‍ എട്ട് ശതമാനത്തോളം ഇപ്പോള്‍ ഇന്ത്യയിലാണ്. ആകെ രോഗബാധിതരില്‍ അമേരിക്കയ്ക്കും ബ്രസീലിനും താഴെ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.