ഭാരത് ജോഡ്ഡോ യാത്ര കര്‍ണാടകയിൽ പ്രവേശിച്ചു: ഉജ്ജ്വല സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഗുണ്ടൽപ്പേട്ട്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചു. മേൽകമ്മനഹള്ളിയിൽ വെച്ച് കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ഗുണ്ടൽപേട്ടിൽ നിന്ന് രാഹുലിൻ്റെ പദയാത്ര തുടങ്ങി. ആയിരക്കണക്കിന് പ്രവർത്തകർ കാൽനടയാത്രയിൽ പങ്കാളിയായി. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.
കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിൻ്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ നിലമ്പൂരിലൂടെ ഗൂഡല്ലൂരിലെത്തിയത്.