ട്രെയിൻ സെറ്റുകളിൽ ഒന്ന് നാളെ എത്തുകയേയുള്ളൂ, നാളെ യെല്ലോ ലൈൻ ഉദ്ഘാടനമെന്ന് പ്രചാരണം തെറ്റ്: ബിഎംആർസിഎൽ
മൂന്ന് ട്രെയിനുകളോടെ ഏപ്രിലിന് ശേഷമേ യെല്ലോ ലൈൻ പ്രവർത്തനം തുടങ്ങൂ എന്നാണ് സൂചന
ബംഗളൂരു: ബംഗളുരു മെട്രോയുടെ യെല്ലോ ലൈൻ ഉദ്ഘാടനം നാളെയെന്ന പ്രചാരണം തെറ്റെന്ന് ബിഎംആർസിഎൽ.
യെല്ലോ ലൈനിൽ സർവീസ് നടത്തേണ്ട ട്രെയിൻ സെറ്റുകളിൽ ഒന്ന് നാളെ കൊണ്ടുവരികയേ ഉള്ളൂവെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി. രണ്ടാമത്തെ ട്രെയിൻ എത്തിക്കുക ജനുവരി അവസാനവാരമാണ്. മൂന്നാമത്തെ ട്രെയിൻ ഏപ്രിൽ ആദ്യവാരം എത്തും.
മൂന്ന് ട്രെയിനുകളോടെ ഏപ്രിലിന് ശേഷമേ യെല്ലോ ലൈൻ പ്രവർത്തനം തുടങ്ങൂ എന്നാണ് സൂചന. ട്രെയിനുകൾ എത്തിക്കുന്നതിൽ കരാർ ലഭിച്ച കമ്പനി നിർമാണം വൈകിപ്പിക്കുകയാണെന്ന് തേജസ്വി സൂര്യ എംപി വിമര്‍ശിച്ചു. തിതാഗഢ് റെയിൽ സിസ്റ്റംസ് എന്ന കമ്പനിക്കാണ് പുതിയ മെട്രോ ട്രെയിനുകളുടെ നിർമാണക്കരാർ നൽകിയിരിക്കുന്നത്.
നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയെങ്കിലും യെല്ലോ ലൈനിൽ സർവീസാരംഭിക്കുന്നത് വൈകുകയാണ്. ഡിസംബറിൽ സർവീസാരംഭിക്കുമെന്നായിരുന്നു നേരത്തെ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ ഈ വാഗ്ദാനം പാലിക്കാനായില്ല.
അത്യാധുനിക ഡ്രൈവർരഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. ആർ വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ ഉൾപ്പെടുന്നത്. ആർ വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.