9 തവണ പ്ലാസ്മ ദാനം ചെയ്ത് അന്‍പത്തിരണ്ടുകാരനായ ഡോക്ടര്‍
ഓരോതവണ പ്ലാസ്മ ദാനം ചെയ്യുന്നതിന് മുന്‍പ് കൊവിഡ് സ്പൈക്ക് പ്രോട്ടീന്‍ ആന്‍റിബോഡി ടെസ്റ്റ് നടത്തിയ ശേഷമാണ് പ്ലാസ്മ ദാനം ചെയ്യുന്നത്.
ബെംഗളുരു: കൊവിഡ് ചികിത്സയുടെ ഭാഗമായി 9ാം തവണ പ്ലാസ്മ ദാനം ചെയ്ത് ഡോക്ടര്‍. കര്‍ണാടകയിലെ ബെംഗളുരുവിലാണ് അന്‍പത്തിരണ്ടുകാരനായ ഡോക്ടര്‍ പ്ലാസ്മ ദാനം ചെയ്തത്. മണിപ്പാല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് പ്ലാസ്റ്റിക് സര്‍ജനായ ഡോക്ടര്‍ ശ്രീകാന്ത് വിയാണ് ഈ ഡോക്ടര്‍. 2020 ഓഗസ്റ്റിലാണ് ശ്രീകാന്ത് കൊവിഡ് പോസിറ്റീവായത്. രോഗമുക്തി നേടിയ ശേഷം ആശുപത്രിയിലെ രക്ത ബാങ്കിലെ സ്ഥിരം പ്ലാസ്മ ദാതാവാണ് ശ്രീകാന്ത്.
കൊവിഡ് മുക്തി നേടിയ ഒരാള്‍ക്ക് എത്രകാലം വരെ പ്ലാസ്മ ദാനം ചെയ്യാമെന്ന് കൃത്യമായ മാനദണ്ഡങ്ങളില്ല. പ്രൊട്ടന്‍ ആന്‍റിബോഡിയുടെ അളവ് വിലയിരുത്തിയാണ് പ്ലാസ്മ ദാനം ചെയ്യുന്നത്. രക്തത്തിലെ 55 ശതമാനവും പ്ലാസ്മയാണ്. ഒരു രോഗത്തില്‍ നിന്ന് മുക്തി നേടിയ ഒരാളുടെ ശരീരത്തില്‍ നിന്നുള്ള പ്ലാസ്മയില്‍ ആ രോഗത്തിനെതിരായ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡികള്‍ കാണും. ഓരോതവണ പ്ലാസ്മ ദാനം ചെയ്യുന്നതിന് മുന്‍പ് കൊവിഡ് സ്പൈക്ക് പ്രോട്ടീന്‍ ആന്‍റിബോഡി ടെസ്റ്റ് നടത്തിയ ശേഷമാണ് പ്ലാസ്മ ദാനം ചെയ്യുന്നത്.
പ്ലാസ്മ ദാനം ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. മരുന്നുകളുടെ അഭാവത്തിലും ദൗര്‍ലഭ്യത്തിലും പ്ലാസ്മ തെറാപ്പിയെ കൂടുതലായി ആശ്രയിക്കാന്‍ സാധിക്കുമെന്നും ശ്രീകാന്ത് പറയുന്നു. മൂന്നോ നാലോ ആഴ്ചകള്‍ കൂടുമ്പോഴാണ് ഡോക്ടര്‍ ശ്രീകാന്ത് പ്ലാസ്മ ദാനം ചെയ്യുന്നത്. രോഗമുക്തി നേടി 28 ദിവസം പിന്നിട്ടാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയും. ദാനം ചെയ്യുന്ന ഒരു യൂണിറ്റ്(200 മില്ലി) പ്ലാസ്മ രണ്ട് രോഗികള്‍ക്കാണ് ഉപയോഗിക്കാന്‍ സാധിക്കുക.
ഒന്‍പത് തവണയായി 18 രോഗികള്‍ക്കാണ് ശ്രീകാന്തിന്‍റെ പ്ലാസ്മ ഉപയോഗിച്ചിട്ടുള്ളത്. പതിനെട്ട് വയസ് മുതല്‍ രക്തം ദാനം ചെയ്യുന്ന ശ്രീകാന്ത് ഇതിനോടകം 75 തവണയാണ് രക്തം, രക്ത സംബന്ധിയായ പദാര്‍ത്ഥങ്ങള്‍ ഇതിനോടകം ദാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം തവണ പ്ലാസ്മ ദാനം ചെയ്ത വ്യക്തിയും ശ്രീകാന്തെന്നാണ് സൂചന.
ചിത്രത്തിന് കടപ്പാട് മണിപ്പാല്‍ ഹോസ്പിറ്റല്സ്
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ