ബീഫ് വിവാദത്തിൽ വെട്ടിലായി കങ്കണ റണാവത്ത്; കിട്ടിയ അവസരം മുതലാക്കി കോൺഗ്രസ്
ബീഫ് കഴിക്കുമെന്ന് നേരത്തെ പറഞ്ഞ കങ്കണയെ വിജയിപ്പിക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് കോൺഗ്രസ് പ്രചാരണം. കോൺഗ്രസിന്റെത് നാണം കെട്ട കളിയാണെന്ന് കങ്കണ തിരിച്ചടിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല.
ദില്ലി: ബീഫിനെക്കുറിച്ചുള്ള പഴയ പരാമർശങ്ങളിൽ വെട്ടിലായി നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ബീഫ് കഴിക്കുമെന്ന് നേരത്തെ പറഞ്ഞ കങ്കണയെ വിജയിപ്പിക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് കോൺഗ്രസ് പ്രചാരണം. കോൺഗ്രസിന്റെത് നാണം കെട്ട കളിയാണെന്ന് കങ്കണ തിരിച്ചടിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല.
ഹിമാചൽ പ്രദേശിൽ ബീഫിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്. ബീഫ് ഉപയോഗം എല്ലായിടത്തും കോൺഗ്രസിനെതിരെ ബിജെപിയാണ് ആയുധമാക്കാറെങ്കിൽ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. പിസിസി അധ്യക്ഷ പ്രതിഭ സിംഗ് സിറ്റിംഗ് എംപിയായ മണ്ഡി പിടിക്കാൻ നടിയും മോദിയുടെ കടുത്ത ആരാധകയുമായ കങ്കണ റണാവത്തിനെ ബിജെപി ഇറക്കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ കങ്കണയ്ക്ക് വോട്ട് നൽകുന്നത് പവിത്ര ഭൂമിയായ ഹിമാചൽ പ്രദേശിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിംഗിന്റെ വിമർശനം. ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന ബിജെപി കങ്കണയ്ക്ക് സീറ്റ് നൽകിയതെന്തിനെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും വിമർശിച്ചു.
വെട്ടിലായ കങ്കണ വിശദീകരണവുമായെത്തി പിന്നാലെ രംഗത്തെത്തി. താൻ ബീഫോ മറ്റ് മാംസങ്ങളോ കഴിക്കാത്ത തന്നെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ആയുർവേദവും യോഗയും ജീവചര്യയാക്കിയ താൻ ഹിന്ദുത്വത്തിൽ അഭിമാനിക്കുന്നു. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും വിവാദം അവസാനിക്കുന്ന മട്ടില്ല. ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്ന് പറയുന്ന കങ്കണയും പഴയ ട്വീറ്റുകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ എതിരാളികൾ കുത്തിപൊക്കികൊണ്ടിരിക്കുകയാണ്. 2021ൽ കങ്കണ ട്വിറ്ററിൽ പങ്കുവച്ച രാജസ്ഥാനി മട്ടൺ വിഭവമായ ലാൽമാസിന്റെ ചിത്രമടക്കം വീണ്ടും വൈറലാണിപ്പോൾ. കങ്കണയ്ക്കെതിരെ വിക്രമാദിത്യ സിംഗ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ മണ്ഡിയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബീഫ് ചൂടായി തന്നെ നിൽക്കുമെന്ന് ഉറപ്പായി.