ബാങ്ക് മാനേജരെ വധിച്ചത് കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ്; കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്

കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു

Bank manager Vijay Kumar shot dead at Kashmir Freedom fighters takes responsibility

ദില്ലി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് മാനേജരെ വെടിവച്ച് കൊന്നതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന. കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടനയാണ് പ്രസ്താവനയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് കേട്ട് കശ്മീരില്‍വന്ന് താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ളവർ മൂഢസ്വർഗത്തിലാണെന്നും പ്രസ്താവനയിലുണ്ട്. കഴിഞ്ഞ മാസം ജമ്മു കാശ്മീരിലെ കത്രയില്‍ തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തിച്ച് നാല് പേർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്വവും ഇതേ സംഘടന ഏറ്റെടുത്തിരുന്നു. 

'കശ്മീരിന്റെ സമൂഹിക മാറ്റത്തിനായി ശ്രമിക്കുന്ന പ്രദേശ വാസികളല്ലാത്തവർ വിജയ് കുമാറിന്റെ മരണത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അത്തരക്കാർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഇനിയും ഇതേ നിലപാട് തുടർന്നാൽ അടുത്തതായി കൊല്ലപ്പെടുന്നത് നിങ്ങളായിരിക്കും,' - എന്ന ഭീഷണിയാണ് പത്ര പ്രസ്താവനയിൽ ഉള്ളത്.

കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയാണ് വിജയ്കുമാർ. പ്രദേശം വളഞ്ഞ സൈന്യം  ഭീകരർക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വാർത്താക്കുറിപ്പ് ഇറക്കിയത്.

ഇക്കഴിഞ്ഞ മെയ് 25 ന് ടിവി താരം അമ്രീന ഭട്ട് ബദ്ഗാമിൽ തന്റെ വീട്ടുമുറ്റത്ത് നിൽക്കെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് മെയ് 31ന് കുല്‍ഗാമില്‍ രജനി ബാലയെന്ന അധ്യാപികയും ഭീകരരുടെ വെടിയേറ്റ് മരിച്ചു. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലി തേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞു പിടിച്ച് കൊല്ലുകയാണെന്നും സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. 

ഇന്ന് രാവിലെ ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു. സൈനികർ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. വാടകയ്ക്കെടുത്ത സ്വകാര്യ വ്യക്തിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. അട്ടിമറിയാണോയെന്ന് സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios