കൊവിഡ് രോഗികള്‍ക്ക് കിടക്ക അനുവദിക്കുന്നതിലെ അഴിമതി വർഗീയവൽക്കരിച്ച സംഭവത്തിൽ ക്ഷമാപണവുമായി ബിജെപി എംപി
ഉദ്യോഗസ്ഥ അഴിമതി സംബന്ധിച്ച ആരോപണം വലിയ രീതിയില്‍ വര്‍ഗ്ഗീയവത്കരിക്കപ്പെട്ടതിന് പിന്നാലെയാണ് ക്ഷമാപണം. ബൃഹത് ബെംഗലുരു മഹാനഗര പാലിക ഓഫീസിലെത്തി എംപി ക്ഷോഭിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷമാപണം.
കര്‍ണാടകയില്‍ കൊവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുമതിക്കുന്നത് സംബന്ധിച്ച് വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെ ക്ഷമാപണവുമായി ബിജെപി എംപി തേജസ്വി സൂര്യ. ഉദ്യോഗസ്ഥ അഴിമതി സംബന്ധിച്ച ആരോപണം വലിയ രീതിയില്‍ വര്‍ഗ്ഗീയവത്കരിക്കപ്പെട്ടതിന് പിന്നാലെയാണ് ക്ഷമാപണം. ബൃഹത് ബെംഗലുരു മഹാനഗര പാലിക ഓഫീസിലെത്തി എംപി ക്ഷോഭിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷമാപണം.
16 മുസ്ലിം ജീവനക്കാരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു തേജസ്വി സൂര്യയുടെ ക്ഷോഭപ്രകടനം. തന്‍റെ മണ്ഡലത്തിലെ നാല് എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു തേജസ്വി സൂര്യ ബിബിഎംപി ഓഫീസിലെത്തിയത്. കൊവിഡ് രോഗികള്‍ക്ക് ഹെല്‍പ്ലൈന്‍ അല്ല ബിബിഎംപി ഓഫീസില്‍ നടക്കുന്നതെന്നും മദ്രസയാണെന്നുമായിരുന്നു എംഎല്‍എമാരിലൊരാള്‍ അഭിപ്രായപ്പെട്ടത്. ബിബിഎംപി വാര്‍ റൂമിലെ പതിനാറ് അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു കൊവിഡ് രോഗികള്‍ക്ക് കിടക്ക അനുവദിക്കുന്നത് സംബന്ധിച്ച ചുമതലയില്‍ ഉണ്ടായിരുന്നത്.
ഇയാള്‍ കഴിഞ്ഞ ആഴ്ച താല്‍ക്കാലികമായി ജോലിയില്‍ കയറിയ വ്യക്തിയുമാണെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട്. ബിബിഎംപി ഓഫീസിലെത്തിയ സൂര്യ തേജസ്വി തന്‍റെ ആരോപണം പ്രത്യേകിച്ച് ഒരു സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നാണ് ക്ഷമാപണത്തില്‍ പറയുന്നത്. തന്‍റെ നടപടികള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്നും സൂര്യ തേജസ്വി വ്യക്തമാക്കി. എംപിയുടെ ആരോപണത്തിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരാണ് പിടിയിലായത്. തേജസ്വി സൂര്യ പേരെടുത്ത് വിമര്‍ശിച്ച പതിനാറ് പേരെ ഭീകരവാദികള്‍ എന്നുവരെ ആക്ഷേപിക്കുന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona