ലോക്ക്ഡൗൺ; ബദരീനാഥ് ക്ഷേത്രം തുറന്നു, ഭക്തര്‍ക്ക് പ്രവേശനമില്ല
ബദരീനാഥ് ക്ഷേത്രം ഇന്ന് തുറക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഡെറാഡൂൺ: ലോക്ക്ഡൗണിനിടെ ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്. എന്നാല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കാതെയാണ് ക്ഷേത്രം തുറന്നത്. പ്രധാന പുരോഹിതൻ ഉൾപ്പെടെ 27 പേരെ മാത്രമേ ക്ഷേത്രത്തിൽ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
"ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം"ജോഷിമത്തിന്റെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അനിൽ ചന്യാൽ പറഞ്ഞു. ക്ഷേത്രം ഇന്ന് തുറക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരീനാഥിലെ തീര്‍ഥാടന കാലം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്നു ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഒട്ടേറെ ഐതീഹ്യങ്ങളാല്‍ സമ്പുഷ്ടമാണ് പുണ്യഭൂമിയായ ബദരീനാഥ്. ആറുമാസം റാവലും പിന്നീടുള്ള ആറു മാസം നാരദനും ദേവതകളും ബദരീനാഥിൽ പൂജ നടത്തുന്നു എന്നാണ് വിശ്വാസം.
അതേസമയം, നേരത്തെ കേദാര്‍നാഥ് ക്ഷേത്രവും തുറന്നിരുന്നു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനടക്കം 16 പേരായിരുന്നു ക്ഷേത്രത്തിൽ എത്തിയിരുന്നത്. വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമെത്തുന്ന ക്ഷേത്രമായ കേദാര്‍നാഥില്‍ ചരിത്രത്തില്‍ ആദ്യമായാണ് വിശ്വാസികളില്ലാതെ നടതുറന്നത്.