ഭിന്നശേഷിക്കാരിയായ മകളെ പ്ലാസ്റ്റിക് ബാഗിലാക്കി തൊഴിലാളി നടന്നത് 600 കിലോമീറ്റർ, ലോക്ക്ഡൗണിലെ കാഴ്ച
പിന്നാലെ സൈക്കിളിന്റെ ഒരു വശത്തായി പ്ലാസ്റ്റിക് കൊണ്ട് ബാഗ് ഉണ്ടാക്കി ഭിന്നശേഷിക്കാരിയായ മകളെ അതിൽ കിടത്തി.
ഭോപ്പാൽ: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അത്തരത്തിൽ ഭിന്നശേഷിയുള്ള കുട്ടിയെ പ്ലാസ്റ്റിക് ബാഗിലാക്കി യുപിയിലെ ബുന്ദേൽഖണ്ഡിലേക്ക് യാത്ര ചെയ്യേണ്ടി വന്ന കുടുംബമാണ് ഇപ്പോൾ നോവായ് മാറുന്നത്.
ദില്ലിയിൽ നിന്ന് 600 കിലോമീറ്റർ നടന്നാണ് രാം ലാൽ യാദവ് യുപിയിലെ ഹാമിർപൂരിലെ ഭരൂബ സുമർപൂരിലേക്ക് പോയത്. 17 ദിവസം എടുത്താണ് ഈ തൊഴിലാളി കുംടുംബം യുപിയിൽ എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗൺ നീട്ടിയതോടെ മെയ് 2നാണ് ഭാര്യ സുലേഖയെയും മൂന്ന് മക്കളേയും കൂട്ടി രാം ലാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
പിന്നാലെ സൈക്കിളിന്റെ ഒരു വശത്തായി പ്ലാസ്റ്റിക് കൊണ്ട് ബാഗ് ഉണ്ടാക്കി ഭിന്നശേഷിക്കാരിയായ മകളെ അതിൽ കിടത്തി. വെള്ളക്കുപ്പികളും പാത്രങ്ങളും സൈക്കിളിൽ കെട്ടി വയ്ക്കുകയും യാത്ര തുടങ്ങുകയുമായിരുന്നു. ഇവരുടെ യാത്ര ശ്രദ്ധയിൽപ്പെട്ട പ്രാദേശിക മാധ്യമപ്രവർത്തകർ ഇവരുടെ ചിത്രം പങ്കുവച്ചതോടെയാണ് സംഭവം പുറംലേകം അറിഞ്ഞത്. ഒരു നിർമ്മാണ കമ്പനിയിലാണ് രാം ലാൽ യാദവ് ജോലി നോക്കിയിരുന്നത്.