'കടുകെണ്ണ മൂക്കിലൊഴിച്ചാല്‍ കൊറോണ നശിക്കും,ഒരുമിനിട്ട് ശ്വാസം പിടിച്ചിരിക്കുന്നവര്‍ക്ക് കൊവിഡില്ല'; രാംദേവ്
ഒരുമിനിറ്റ് നേരം ശ്വാസം പിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്നും രാംദേവ് പറയുന്നു.
ദില്ലി: കൊവിഡ് പ്രതിരോധത്തിനും നിര്‍ണയത്തിനും വിചിത്ര വാദവുമായി യോഗാ ഗുരു ബാബ രാംദേവ്. കടുകെണ്ണ മൂക്കിൽ ഒഴിക്കുന്നതിലൂടെ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തുകയും വയറ്റിലെ ആസിഡുമായി ചേർന്ന് നശിച്ചുപോകുമെന്നും രാംദേവ് അവകാശപ്പെടുന്നു. ഒരുമിനിറ്റ് നേരം ശ്വാസം പിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്നും രാംദേവ് പറയുന്നു. ആജ് തക്കില്‍ നടന്ന ഇ-അജണ്ടയിൽ സംസാരിക്കുകയായിരുന്നു രാംദേവ്.
"കൊറോണ വൈറസിന് പ്രത്യേക പ്രാണായാമമുണ്ട്. ഉജ്ജയ് എന്നാണ് ഇതിന്റെ പേര്. ഇതിനായി നിങ്ങള്‍ തൊണ്ട ചുരുക്കുക. തുടർന്ന് ശബ്ദത്തോടു കൂടി വായു ഉള്ളിലേക്കെടുക്കണം. കുറച്ച് സമയം ശ്വാസം പിടിച്ച് നിർത്തിയ ശേഷം ക്രമേണ പുറത്തേക്ക് വിടുക. ഇതൊരു സ്വയം കൊവിഡ് പരിശോധാ രീതിയാണ്"ബാബാ രാംദേവ് പറയുന്നു.
"രക്തസമ്മർദ്ദവും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയവർക്ക് 30 സെക്കൻഡും ചെറുപ്പക്കാർക്ക് 1 മിനിറ്റ് നേരവും ശ്വാസംപിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് കൊവിഡില്ലെന്നാണ്. രോഗലക്ഷണം ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും"ബാബാ രാംദേവ് കൂട്ടിച്ചേർത്തു.
നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡെറ്റോളിന്‍റെയും പതഞ്ജലി സാനിറ്റൈസറിന്‍റെയും വിലകളെ താരതമ്യം ചെയ്ത് കൊണ്ട് ബാബാ രാംദേവ് നേരത്തെ രംഗത്തെത്തിയിരുന്നു. '50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്ക് നല്‍കുന്നു. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍, പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂ' എന്നായിരുന്നു ബാബാ രാം ദേവിന്‍റെ ട്വീറ്റ്.
Read Also: വന്‍വിലക്കുറവില്‍ സാനിറ്റൈസറുമായി ബാബാ രാംദേവ്; ട്വിറ്ററില്‍ വാക് പോര്