ജമ്മു കശ്മീരിൽ നേട്ടമുണ്ടാക്കാനാകാതെ അവാമി ഇത്തിഹാദ്; ജമാഅത്തെ ഇസ്ലാമി പിന്തുണച്ച 10 പേരും തോറ്റു, തിരിച്ചടി
എഞ്ചിനീയർ റാഷിദിൻ്റെ അവാമി ഇത്തേഹാദ് പാർട്ടി (എഐപി) തെരഞ്ഞെടുപ്പില്‍ 44 സ്ഥാനാർത്ഥികളെ നിർത്തി. വക്താവ് ഫിർദൗസ് ബാബ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടു. വോട്ട് വിഘടിപ്പിക്കാനുള്ള ഇവരുടെ തന്ത്രം പരാജയപ്പെട്ടെന്നാണ് എന്‍സി പറയുന്നത്.
ശ്രീനഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റുവാങ്ങി എഞ്ചിനീയർ റാഷിദിൻ്റെ നേതൃത്വത്തിലുള്ള അവാമി ഇത്തിഹാദ് പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയും. പലയിടത്തും ഇരുപാർട്ടികളും പിന്തുണയോടെയാണ് മത്സരിച്ചത്. കുൽഗാമിൽ നിന്നുള്ള ജമാഅത്തെ ഇസ്ലാമി പിന്തുണയുള്ള സ്ഥാനാർത്ഥി സയാർ അഹമ്മദ് റേഷിയും ലംഗേറ്റിൽ നിന്ന് മത്സരിച്ച എഞ്ചിനീയർ റാഷിദിൻ്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖും മാത്രമാണ് മികച്ച മത്സരമെങ്കിലും കാഴ്ചവെച്ചത്. ഇവരുടെ ഭൂരിപക്ഷം സ്ഥാനാർത്ഥികൾക്കും അവരുടെ കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു. അഫ്‌സൽ ഗുരുവിൻ്റെ സഹോദരൻ ഐസാജ് അഹമ്മദ് ഗുരു സോപോർ സീറ്റിൽ ദയനീയ പരാജയപ്പെട്ടു. 129 വോട്ടുകൾ മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
എഞ്ചിനീയർ റാഷിദിൻ്റെ അവാമി ഇത്തേഹാദ് പാർട്ടി (എഐപി) 44 സ്ഥാനാർത്ഥികളെ നിർത്തി. വക്താവ് ഫിർദൗസ് ബാബ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടു. ജമാഅത്തെ ഇസ്ലാമി 10 സ്ഥാനാർഥികള്‍ക്കാണ് പിന്തുണ നൽകിയത്. എല്ലാവരും തോറ്റു. പുൽവാമയിലെ ജമാഅത്ത് സ്ഥാനാർത്ഥിയായ തലത് മജീദ് സംഘടനക്കെതിരെ രംഗത്തെത്തി. ജമാഅത്ത് കേഡറിൽ നിന്നുള്ള പിന്തുണയുടെ അഭാവമാണ് തൻ്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Read More... തരിഗാമിക്ക് മികച്ച വിജയം, തോൽപ്പിച്ചത് ജമാഅത്ത് ഇസ്ലാമി പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥിയെ
പ്രമുഖ വ്യവസായിയും എഞ്ചിനീയർ റാഷിദിൻ്റെ അടുത്ത അനുയായിയുമായ ഷെയ്ഖ് ആഷിഖ് ഹുസൈന് 963 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. 'ആസാദി ചാച്ച' എന്നറിയപ്പെടുന്ന സർജൻ അഹമ്മദ് വാഗേയും തോറ്റു. നിലവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യുഎപിഎ) പ്രകാരം ജയിലിലാണ് ഇയാൾ.