ആറ്റിങ്ങൽ ഇരട്ടക്കൊല: ആരോഗ്യം മോശം, കൊലയിൽ തനിക്ക് പങ്കില്ല, വീണ്ടും സുപ്രിം കോടതിയിൽ അനുശാന്തിയുടെ ഹർജി
ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി വീണ്ടും സുപ്രിം കോടതിയിൽ. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അനുശാന്തി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
ദില്ലി: ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി വീണ്ടും സുപ്രിം കോടതിയിൽ. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അനുശാന്തി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രിം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു. അഡ്വ.വി കെ .ബിജു മുഖാന്തരമാണ് സുപ്രിം കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായിരുന്നു ഇവർക്ക സുപ്രീംകോടതി രണ്ട് മാസത്തെ പരോൾ പരോൾ അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് അനുശാന്തിക്ക് പരോൾ. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവിൽ ജയിലിൽ തുടരുകയാണ്.
കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോകരുതെന്ന ഉപാധി വച്ചായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് ജാമ്യം നൽകിയത്.
കണ്ണിന് സുഖമില്ല; ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് പരോൾ
2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനും വിധിക്കുകയായിരുന്നു. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.