ഓഫീസിലും വസതിയിലുമായി 10 സ്റ്റാഫുകൾക്ക് കൊവിഡ്; സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ഗെഹ്‍ലോട്ട്
മുൻകരുതൽ എന്ന നിലയിലാണ് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ജയ്പൂർ: സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഓഫീസിലും വസതിയിലും പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ക്ലർക്കുമാർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒൻപത് സ്റ്റാഫുകൾക്കും വസതിയിലെ സ്റ്റാഫുകളിലൊരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുൻകരുതൽ എന്ന നിലയിലാണ് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നവർ സിഎംഒയിലെയും വസതിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടണം. സന്ദർശകരുടെ സുരക്ഷയും മുൻനിർത്തി എല്ലാ മീറ്റിംഗുകളും ഗെഹ്‍ലോട്ട് റദ്ദാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിൽ തീരുമാനിച്ചിരുന്ന മന്ത്രിസഭാ യോഗവും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെയും വസതിയിലെയും കൊവിഡ് സ്ഥിരീകരണമാണ് കൂടിക്കാഴ്ചകൾ റദ്ദാക്കാൻ കാരണമായെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.