'കുഞ്ഞുങ്ങൾ രോ​ഗബാധിതരാകുമോ എന്ന് പേടി, സുരക്ഷാ ഉപകരണങ്ങൾ നൽകണം'; പ്രതിഷേധവുമായി ആശാ വർക്കേഴ്സ്

വീട്ടിലേക്ക് ചെല്ലുമ്പോൾ എന്നെ തൊടരുതെന്നും മാറിനിൽക്കാനും കുട്ടികളോട് പറയും. കുളിച്ച് എല്ലാ മുൻകരുതലും എടുത്തതിന് ശേഷം മാത്രമേ അവരെ തൊടുകയുള്ളൂ.

asha workers on protest at delhi and hariyana

ദില്ലി: ഇന്ത്യയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരായ ആശാ വർക്കേഴ്സ് പ്രതിഷേധ പ്രകടനത്തിൽ. ദില്ലിയിലെയും ഹരിയാനയിലെയും ആശാ വർക്കേഴ്സാണ് പ്രതിഷേധിക്കുന്നത്. ഓ​ഗസ്റ്റ് 7 മുതലാണ് ഹരിയാനയിലെ 20000ത്തിലധികം വരുന്ന ആശാവർക്കേഴ്സ് പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്നത്. ജൂലൈ 21 മുതൽ ദില്ലിയിൽ 6000 ത്തിലധികം വരുന്ന ആശാപ്രവർത്തകരും പണിമുടക്കിലാണ്. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ഒന്ന് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകുക, രണ്ട് കൃത്യമായ വേതനം ഉറപ്പാക്കുക. കഴിഞ്ഞ ദിവസം ജന്തർ മന്ദറിൽ പ്രതിഷേധം നടത്തിയ ഒരു സംഘം ആളുകൾക്കെതിരെ സാമൂഹിക അകലം ലംഘിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 

 ദിനംപ്രതി ഒൻപത് മണിക്കൂറിലധികം വീടുകൾ തോറും കയറിയിറങ്ങി സർവ്വേ നടത്തുകയും ക്വാറന്റൈനിൽ കഴിയുന്ന രോ​ഗികളെ സന്ദർശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് 26കാരിയായ പ്രിയ രജ്ഞൻ. ദില്ലിയിലെ ​ഗീത കോളനിയിലെ ചേരിയിലാണ് ഇവർ താമസിക്കുന്നത്. 6ഉം 3ഉം വയസ്സുള്ള തന്റെ കുഞ്ഞുങ്ങൾക്ക് രോ​ഗം ബാധിക്കുമോ എന്ന ഭയത്തിലാണ് ഇവർ. പിപിഇ കിറ്റുകൾ ഇല്ലാതെ കണ്ടൈൻമെന്റ് സോണുകളിൽ പോകാൻ ഭയമാണെന്ന് പ്രിയ രജ്ഞൻ പറഞ്ഞു. ഇതുവരെ 150 ആശാപ്രവർത്തകരാണ് ദില്ലിയിൽ കൊവിഡ് ബാധിതരായിരിക്കുന്നത്. 

'പിപിഇ കിറ്റ് ഇല്ലാതെയാണ് കണ്ടെയ്ൻമെന്റ് സോണുകളിൽ പോകുന്നത്. എനിക്ക് ഭയമാണ്. സർക്കാർ ‍ഞങ്ങൾക്ക് പിപിഇ കിറ്റ് നൽകണം. ഓക്സിമീറ്റർ ഉപയോ​ഗിച്ച് കൊവിഡ് രോ​ഗികളുടെ പൾസ് പരിശോധിക്കാനും ഭയമാണ്. എനിക്കും അതുവഴി വീട്ടിലുള്ളവർക്കും രോ​ഗം വരുമോ എന്നും ഭയമുണ്ട്. വീട്ടിലേക്ക് ചെല്ലുമ്പോൾ എന്നെ തൊടരുതെന്നും മാറിനിൽക്കാനും കുട്ടികളോട് പറയും. കുളിച്ച് എല്ലാ മുൻകരുതലും എടുത്തതിന് ശേഷം മാത്രമേ അവരെ തൊടുകയുള്ളൂ. ചെറിയ ചുമയോ പനിയോ അനുഭവപ്പെട്ടാൽ കുട്ടികളിൽ നിന്ന് മാറിയാണ് ഞാൻ കിടന്നുറങ്ങുന്നത്.' പ്രിയയുടെ വാക്കുകൾ. 

ആശാപ്രവർത്തകർക്ക് മാസം 3000 രൂപ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. ചില ആനുകൂല്യങ്ങൾ ലഭിച്ചാൽ തന്നെയും ആറായിരം രൂപയ്ക്ക് മുകളിൽ ശമ്പളം ഇവർക്ക് ഒരിക്കലും ലഭിക്കാറില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുവാടക നൽകാനും മറ്റ് ചിലവുകൾക്കും വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് ഇവർ പറയുന്നു. പിപിഇ കിറ്റും പതിനായിരം രൂപ ശമ്പളവും ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സർക്കാരിന് നൽകിയിട്ടുണ്ടെന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ആശാ പ്രവർത്തകർ വ്യക്തമാക്കി. 
 

Latest Videos
Follow Us:
Download App:
  • android
  • ios