ആംറെസ്റ്റിനെ ചൊല്ലി തർക്കം, ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിൽ തല്ലുമാല; ചങ്കിടിച്ച് സഹയാത്രക്കാർ
രണ്ട് യാത്രക്കാർ തമ്മിൽ ആംറെസ്റ്റിനെ ചൊല്ലി ആരംഭിച്ച വാക്പോരാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്.
ദില്ലി: വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ സംഘർഷം. രണ്ട് യാത്രക്കാർ തമ്മിൽ ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പൻഹേഗൻ-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.
രണ്ട് യാത്രക്കാർ തമ്മിൽ ആംറെസ്റ്റിനെ ചൊല്ലി വാക്പോരിൽ ഏർപ്പെടുകയായിരുന്നു. വൈകാതെ തന്നെ ഇത് വലിയ ഏറ്റുമുട്ടലിൽ കലാശിച്ചു. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു യാത്രക്കാരുടെ ഏറ്റുമുട്ടൽ. ഭക്ഷണം നൽകുന്നതിനിടെയാണ് ഇരുവരും തമ്മിൽ ആദ്യം തർക്കമുണ്ടായത്. തുടർന്ന്, ഇവരിൽ ഒരാൾക്ക് വിമാനത്തിൽ പ്രത്യേക സീറ്റ് നൽകി. എന്നാൽ, സ്ഥലം മാറിയിരുന്ന യാത്രക്കാരൻ ലഗേജ് എടുക്കാനായി തന്റെ പഴയ സീറ്റിൽ തിരിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു.
എയർ ഇന്ത്യ വിമാനത്തിലെ ഇക്കണോമി ക്ലാസിലായിരുന്നു യാത്രക്കാരുടെ ഏറ്റുമുട്ടൽ. വിമാനത്തിലെ ഏതാണ്ട് മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രണ്ട് പേർ തമ്മിൽ ആരംഭിച്ച പ്രശ്നം പിന്നീട് കയ്യാങ്കളിയിലേയ്ക്ക് എത്തിയത് സഹയാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചു. ചില പ്രശ്‌നങ്ങളെച്ചൊല്ലി യാത്രക്കാർ തമ്മിൽ സംഘർഷമുണ്ടായെന്നും എന്നാൽ പിന്നീട് അത് വളരെ സൗഹാർദ്ദപരമായി പരിഹരിച്ചെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
READ MORE: ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്