ദില്ലിയിൽ സംഘർഷം, പ്രമുഖർ കസ്റ്റഡിയിൽ; പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ജാമിയ സമര സമിതിയുടെ ആഹ്വാനം
പെൺകുട്ടികളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. യുപി ഭവനിൽ പ്രതിഷേധത്തിനെത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ബസുകളിലായി ജാമിയ സർവകലാശാലയിൽ നിന്ന് വിദ്യാർത്ഥികൾ യുപി ഭവനിലേക്ക് പ്രതിഷേധത്തിനായി പോയിരുന്നു.
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ദില്ലി കൗടില്യ മാർഗിൽ സംഘർഷം. സമരത്തിനെത്തിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. യുപി ഭവന് മുന്നിലും പ്രതിഷേധത്തിനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതേ തുടർന്ന് മന്ദിർമാർഗ് പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ചെത്തിയവർ പ്രതിഷേധിച്ചു. കസ്റ്റഡിൽ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ജാമിയാ സമരസമിതി ആഹ്വാനം ചെയ്തു.
പ്രതിഷേധത്തെ തുടർന്ന് ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ അടച്ചു . ബിജെപി മുൻ നേതാവും ഇപ്പോൾ കോൺഗ്രസ് വക്താവുമായ ഉദിത് രാജും പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ മന്ദിർ മാർഗിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലർ സുഭാഷ്ചന്ദ്ര യാദവിനെയും, വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളടക്കം നിരവധി പേരെയും കസ്റ്റഡിയിലെടുത്തു.
മന്ദിർ മാർഗിലേക്ക് വിദ്യാർത്ഥികളുമായി വന്ന ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ റോഡിലൂടെ വലിച്ചിഴച്ചാണ് മാറ്റിയത്. യുപി ഭവന് മുന്നിൽ പ്രതിഷേധിക്കാനെത്തിയവരെ ഓരോരുത്തരെയായി വന്നിറങ്ങുമ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശക്തമായ പൊലീസ് നടപടിക്ക് ശേഷവും യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നു. ഒരു വിദ്യാർത്ഥി ഒറ്റയ്ക്കാണ് പ്രതിഷേധം നടത്തിയത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലിയിലെ മന്തിർ മാർഗിൽ ഇരുപത് വിദ്യാർത്ഥികളുമായ വന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൗടില്യ മാർഗിലൂടെ ഒറ്റയ്ക്കും കൂട്ടമായും വന്ന എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസംഭവന് മുന്നിൽ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ സിആർപിഎഫും ദില്ലി പൊലീസും ചേർന്ന് ബലംപ്രയോഗിച്ച് മാറ്റി. മൂന്ന് മണിയോടെയാണ് വിദ്യാർത്ഥികൾ ഇവിടേക്ക് എത്തിയത്. എന്നാൽ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയവരെ ഓരോരുത്തരെയായി അപ്പപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് ഇവിടെ നിന്നും നീക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചെറു വാഹനങ്ങളിൽ എത്തിയവർ ഇന്ന് വലിയ വാഹനങ്ങളിലാണ് പ്രതിഷേധ സ്ഥലത്തേക്ക് വന്നത്.
കൗടില്യ മാർഗിൽ, യുപി ഭവനിലേക്ക് പോകുന്ന റോഡിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. റോഡിലൂടെ നടന്നുപോയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോവുകയായിരുന്നു. ഇതുവഴി ഒരു ബസിലെത്തിയ പ്രതിഷേധക്കാർ ഇതിനെതിരെ ഒരുമിച്ച് റോഡിലിറങ്ങി പ്രതിഷേധിച്ചു. സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയാണ് പൊലീസ് ഇവിടെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്.