Asianet News MalayalamAsianet News Malayalam

നരഭോജി ചെന്നായയെ പിടിച്ചുകെട്ടാനായില്ല; കൊല്ലപ്പെട്ടത് 9 പേർ, 5 വയസുകാരിയ്ക്കുനേരെയും ആക്രമണം

ഒന്നര മാസത്തിനിടയിൽ പ്രദേശത്ത് ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, നരഭോജി ചെന്നായക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ചെന്നായ വേട്ട തുടരുകയാണ്. 
 

Another killer-wolves attacks in utharpradesh fie year old girl injured
Author
First Published Sep 3, 2024, 9:17 AM IST | Last Updated Sep 3, 2024, 9:17 AM IST

ലക്നൗ: യുപിയിൽ വീണ്ടും നരഭോജി ചെന്നായ ആക്രമണത്തിൽ 5 വയസ്സുകാരിയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെൺകുട്ടിയെ ആക്രമിച്ചത്. ബഹ്റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. ഒന്നര മാസത്തിനിടയിൽ പ്രദേശത്ത് ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, നരഭോജി ചെന്നായക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ചെന്നായ വേട്ട തുടരുകയാണ്. 

ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 9 പേരാണ് ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ചെന്നായകൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 

അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതിൽ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ട്. "ചെന്നായകൾ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതു കൊണ്ട് വലിയ പാവകളെ വർണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയിൽ കുട്ടികളുടെ മൂത്രം തളിച്ച്, മനുഷ്യന്റേതിന് സമാനമായ ഗന്ധം ഉണ്ടാക്കുകയാണ്. ചെന്നായകളെ കെണികൾക്ക് സമീപത്തേക്ക് ആക‍ർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു" - ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിങ് പറഞ്ഞു.

തെർമൽ ഡ്രോണുകൾ ഉപയോഗിച്ചും ചെന്നായകളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ശേഷം പടക്കം പൊട്ടിച്ചും മറ്റും ഇവയെ കെണികൾ ഒരുക്കിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് ആകർഷിക്കാനാണ് നീക്കം. ആനപ്പിണ്ടം പല സ്ഥലങ്ങളിലായി കൊണ്ടിട്ട് ചെന്നായകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാനും ശ്രമമുണ്ട്. ആനകളെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലങ്ങളിലേക്ക് സാധാരണ ചെന്നായകൾ സഞ്ചരിക്കാറില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തിയാണിത്. അധികം വൈകാതെ തന്നെ അവശേഷിക്കുന്ന രണ്ട് ചെന്നായകളെ കൂടി പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഉദ്യോഗസ്ഥരുടെ സംഘം നീങ്ങുന്നത്.

മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായേക്കും: ഐസർ മൊഹാലിയിലെ ഗവേഷകർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios