24 മണിക്കൂറിനുള്ളിൽ നിർണായക പ്രഖ്യാപനം, അതുവരെ കാത്തിരിക്കു; അമേഠി, റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ ജയറാം രമേശ്
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ ഒരു ഭയവുമില്ലെന്നും കാലതാമസമില്ലെന്നും ജയറാം രമേശ് പറഞ്ഞു
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അതുവരെ പ്രചരിക്കുന്നതെല്ലാം വ്യാജമായ വിവരങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ ഒരു ഭയവുമില്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കു. പ്രഖ്യാപനത്തില്‍ കാലതാമസമില്ല. പ്രഖ്യാപനം വൈകുന്നുവെന്നതില്‍ അടിസ്ഥാനമില്ല. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി റായ്ബറേലിയിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലലോയെന്നും ജയറാം രമേശ് ചോദിച്ചു.
അമേഠി, റായ്ബറേലി സീറ്റുകളില്‍ സസ്പെന്‍സ് തുടരുമ്പോഴും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ മത്സര സന്നദ്ധത അറിയിച്ചിട്ടില്ല. വയനാട് ഉപേക്ഷിക്കുമെന്നും കുടുംബാധിപത്യം ശക്തിപ്പെടുമെന്നുമുള്ള ബിജെപി ആക്ഷേപങ്ങളാണ് രാഹുലിനെയും പ്രിയങ്കയേയും പിന്നോട്ടടിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ നീക്കം.
മറ്റന്നാളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അമേഠി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് ജയറാം രമേശ് വ്യക്തമാക്കിയത്. അപ്പോഴുംഅമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്ന തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശത്തോട് രണ്ട് പേരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീരുമാനം പ്രഖ്യാപിക്കാന്‍ നിയോഗിച്ച മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കണ്‍ഫ്യൂഷനിലാണ്.
ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്ക് രാഹുലും പ്രിയങ്കയും സന്നദ്ധത അറിയിച്ചിട്ടില്ല. വയനാട് ഉപേക്ഷിച്ച് ഉത്തരേന്ത്യയിലെ മണ്ഡലത്തിലേക്ക് പോകുമെന്ന ബിജെപിയുടെ ആരോപണമാണ് രാഹുല്‍ ഗാന്ധിയുടെ മൗനത്തിന് കാരണം. ഒറ്റ മണ്ഡലം മതിയെന്ന നിലപാടിലാണ് രാഹുലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പ്രിയങ്ക കൂടി മത്സരിച്ചാല്‍ കുടുംബം മുഴുവന്‍ ഇറങ്ങിയെന്ന ബിജെപി ആക്ഷേപത്തിന് ശക്തികൂടും. തുടര്‍ന്നങ്ങോട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ കുടംബ പാര്‍ട്ടിയെന്ന ആക്ഷേപം ശക്തമാക്കുകയും ചെയ്യും. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും മറ്റ് പേരുകള്‍ തല്‍ക്കാലം പരിഗണനയിലില്ലെന്ന് നേതൃത്വം പറയുന്നത്. നാളെ ഉച്ചയോടെയെങ്കിലും പ്രഖ്യാപനം നടക്കുകയും വേണം.
അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കുമെന്ന പേരില്‍ പ്രചരിച്ച വാര്‍ത്താ കുറിപ്പ് എഐസിസി തള്ളിയിരുന്നു. അതേ സമയം റായ്ബറേലി എംഎല്‍എ അദിതി സിംഗ്, സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ദിനേഷ് പ്രതാപ് സിംഗ് എന്നിവരാണ് ബിജെപിയുടെ പരിഗണനയിലുള്ളത്. പ്രിയങ്കയുടെ അടുപ്പക്കാരിയായിരുന്ന അദിതിക്ക് തന്നെയാകും റായ്ബറേലിയില്‍ സാധ്യത കൂടുതല്‍.