കൊവിഡ് രോഗിയുടെ മരണം; ചികിത്സ നിഷേധിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു
ബെലഗാവി ബിഎംസ് ആശുപത്രിയിലെ ആംബുലന്‍സ് ആണ് രോഗിയുടെ ബന്ധുക്കല്‍ കത്തിച്ചത്.
ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു. ബെലഗാവി ബിഎംസ് ആശുപത്രിയിലെ ആംബുലന്‍സ് ആണ് രോഗിയുടെ ബന്ധുക്കല്‍ കത്തിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജൂലയ് 19നാണ് ശ്വാസതടസമുണ്ടായി രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ നില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയോട് പ്രതികരിക്കാതെ രോഗി മരിച്ചു.
ഇതോടെ ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു. മരണത്തെ ചൊല്ലി രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ല.