'എച്ച്‌പി ഗ്യാസ് ഡീലര്‍ഷിപ്പോ ഏജന്‍സിയോ വേണോ? രേഖകള്‍ സമര്‍പ്പിക്കൂ'; നടക്കുന്നത് വ്യാജ പ്രചാരണം
എച്ച്‌പി ഗ്യാസിന്‍റെ ലോഗോ അടക്കമുള്ള കത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
എല്‍പിജി സിലിണ്ടറുകളുടെ ഏജന്‍സി/ഡീലര്‍ഷിപ്പ്/ഡിസ്‌ട്രിബ്യൂഷനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്‌പി) പുറത്തിറക്കിയ അനുമതി കത്ത് എന്ന രീതിയിലാണ് വ്യാജ പ്രചാരണം. ഇതിന്‍റെ വസ്‌തുത അറിയാം.
പ്രചാരണം
എച്ച്‌പി ഗ്യാസിന്‍റെ ലോഗോ അടക്കമുള്ള കത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഗ്യാസ് ഏജന്‍സി അപ്രൂവല്‍ എന്ന് കത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നു. കത്തിലെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ- 'നിങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസിന്‍റെ ഡീലര്‍ഷിപ്പ്/ഡിസ്‌ട്രിബ്യൂഷന് അനുമതിയായിട്ടുണ്ട്. സര്‍വെ അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഗ്യാസ് ഏജന്‍സിയുടെ ഡിസ്ട്രിബ്യൂഷന് നിങ്ങള്‍ തയ്യാറാണേല്‍ താഴെ കാണുന്ന ഡോക്യുമെന്‍റുകള്‍ സമര്‍പ്പിച്ച് കെവൈസി അപ്രൂവല്‍ വാങ്ങേണ്ടതാണ്. ഇതിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ബാങ്ക് പാസ്‌ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഏജന്‍സിയുടെ പേര് എന്നിവ സമര്‍പ്പിക്കാന്‍' കത്തില്‍ ആവശ്യപ്പെടുന്നു.
വസ്‌തുത
ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസിന്‍റെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ്. ശരിയായ വിവരങ്ങള്‍ ലഭ്യമാകാന്‍ lpgvitarakchayan.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. അനുമതി കത്ത് വ്യാജമാണ് എന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Read more: നാട്ടിന്‍പുറത്തും നഗരങ്ങളിലും ബിഎസ്എന്‍എല്‍ 4ജി; സിം വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം