മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് ഖർഗെ, 2047ൽ വികസിത ഭാരതം കാണാൻ ഖർഗെയ്ക്ക് കഴിയട്ടെ അമിത് ഷാ
മോദിയെ കോൺഗ്രസുകാർക്ക് എത്ര ഭയവും വെറുപ്പും ആണെന്നതിന് തെളിവ്
ദില്ലി: മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാതെ മരിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പ്രസംഗത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് അമിത് ഷാ. മോദിയോട് കോണ്‍ഗ്രസിന് എത്ര ഭയവും വെറുപ്പും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവനയെന്ന് അമിത്ഷാ പറഞ്ഞു. രാജ്യം നിലനില്‍ക്കണമെന്നുള്ളതുകൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ബിജെപിയെ പ്രകോപിപ്പിച്ച പ്രസംഗം ഖര്‍ഗെ നടത്തിയത്. പ്രസംഗത്തിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായിട്ടും അത് വക വയ്ക്കാതെ, 83 വയസുണ്ടെങ്കിലും മോദിയെ താഴെ ഇറക്കാതെ മരിക്കില്ലെന്ന് ഖര്‍ഗെ പറയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലായ ഖര്‍ഗെയുടെ ആരോഗ്യ വിവരം പ്രധാനമന്ത്രി അന്വേഷിക്കുകയും ചെയ്തു. ആ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും മോദിയുടെയും സമീപനങ്ങളിലെ വ്യത്യാസം അമിത്ഷാ വിമര്‍ശന രൂപേണ സമൂഹമാധ്യമത്തില്‍ പങ്കു വച്ചത്.
പ്രധാനമന്ത്രിയെ അനാവശ്യമായി പല സന്ദര്‍ഭങ്ങളിലേക്കും വലിച്ചിഴക്കുകയാണ്. എപ്പോഴും മോദിയെ കുറിച്ച് മാത്രമാണ് കോണ്‍ഗ്രസുകാരുടെ ചിന്തയെന്നും അമിത്ഷാ പരിഹസിച്ചു. 2047ല്‍ ബിജെപിയുടെ വികസിത ഭാരതം അജണ്ട യാഥാര്‍ത്ഥ്യമാകുവരെ ഖര്‍ഗെ ജീവിച്ചിരിക്കട്ടെയെന്നും അമിത്ഷാ ആശംസിച്ചു. പിന്നാലെ ധനമന്ത്രി നിര്‍മ്മല സീതാരാമനും ഖര്‍ഗെയുടെ പ്രസംഗത്തെ വിമര്‍ശിച്ചു. വെറുപ്പിന്‍റെ രാഷ്ട്രീയം വ്യക്തമായെന്ന് നിര്‍മ്മല സീതാരാമനും അപലപിച്ചു. അതേ സമയം മോദിയോടുള്ള വെറുപ്പ് കൊണ്ടല്ല മറിച്ച് രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണ് ഖര്‍ഗെ അങ്ങനെ പ്രസംഗിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തിരിച്ചടിച്ചു. രാജ്യത്തെ സ്നേഹിക്കുന്ന ആരും മോദി അധികാരത്തില്‍ നിന്ന് താഴെയിറങ്ങനേ ആഗ്രഹിക്കുകയുള്ളൂവെന്നും പവന്‍ ഖേര ന്യായീകരിച്ചു