മോദി സർക്കാർ നിരവധി നേട്ടങ്ങൾ കൈവരിച്ചു; കാര്യങ്ങളെ വക്രദൃഷ്ടിയോടെ കാണുന്നവർക്ക് മറുപടിയില്ലെന്നും അമിത് ഷാ
ലോക്ക് ഡൗണിന് വലിയ പിന്തുണ കിട്ടി. ലോക്ക് ഡൗൺ ഇളവുകളോടെ രാജ്യം പൂർവ്വസ്ഥിതിയിലാകും.കൊവിഡിൻ്റെ ഭാവി പ്രവചിക്കാൻ ആരോഗ്യ വിദഗ്ധർക്കു പോലും ഇപ്പോൾ കഴിയില്ലെന്നും അമിത് ഷാ.
ദില്ലി: രണ്ടാം മോദി സർക്കാർ ഒരു വർഷത്തിനുള്ളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മുത്തലാക്ക് നിരോധനവും, കശ്മീർ പുന:സംഘടനയും പ്രധാന നേട്ടങ്ങളാണ്. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കാര്യങ്ങളെ വക്രദൃഷ്ടിയോടെ കാണുന്നവർക്ക് മറുപടിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ഐക്യം നില നിർത്തിയാൽ കൊവിഡിനെതിരായ യുദ്ധം അനായാസേന ജയിക്കാം. ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് മറ്റ് രാജ്യങ്ങളേക്കാൾ വളരെ കുറവാണ്. ലോക്ക് ഡൗണിന് വലിയ പിന്തുണ കിട്ടി. ലോക്ക് ഡൗൺ ഇളവുകളോടെ രാജ്യം പൂർവ്വസ്ഥിതിയിലാകും. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രധാനമന്ത്രി തീരുമാനങ്ങളെടുക്കുന്നത്.
കുടിയേറ്റ തൊഴിലാളികൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടതായി മനസിലാക്കുന്നു. തൊഴിലാളികൾക്കായി ഭക്ഷണവും ,കുടിവെള്ളവും എത്തിച്ചു. യാത്ര സൗകര്യങ്ങളും ഏർപ്പെടുത്തി. യാത്രാ ചെലവിനെക്കുറിച്ച് ചിലർ അപവാദം പ്രചരിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് യാത്രാച്ചെലവ് വഹിക്കുന്നത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്തി ക്വാറൻറീൻ കേന്ദ്രങ്ങളിലടക്കം അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ഒരു കോടി തൊഴിലാളികളെ ഇതുവരെ വീടുകളിലെത്തിച്ചു.
കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമ രാഷ്ട്രീയമാണ് തുടരുന്നത്. അതിലൊരു മാറ്റം ആവശ്യമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കും. കൊവിഡിൻ്റെ ഭാവി പ്രവചിക്കാൻ ആരോഗ്യ വിദഗ്ധർക്കു പോലും ഇപ്പോൾ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വികസനത്തിലേക്ക് നയിച്ചു. രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിച്ചിരിക്കും. കോടിക്കണക്കിനാളുകൾ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്താക്കളായി. ജി എസ് ടി യുൾപ്പടെയുള്ള പരിഷ്ക്കാരങ്ങൾ ഗുണം ചെയ്തു. ഇന്ത്യ - ചൈന വിഷയത്തിൽ ട്രംപിൻ്റെ മധ്യസ്ഥം ആവശ്യമില്ല. അത്തരമൊരാവശ്യം ഇന്ത്യ മുമ്പോട്ട് വച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.