നിസർഗയും കൊവിഡും തടസമായി;14 വയസുകാരിയുടെ ശസ്ത്രക്രിയക്ക് രക്തം ദാനം ചെയ്ത് പൊലീസുകാരൻ, അഭിനന്ദന പ്രവാഹം
ചുഴലിക്കാറ്റും കൊറോണ വൈറസും കാരണം വൈദ്യശാസ്ത്രപരമായി അനുയോജ്യരായ ഒരു ദാതാവിനെ ബുധനാഴ്ച ആശുപത്രിയിലെത്തിക്കാൻ അധികൃതർക്ക് സാധിച്ചില്ല.
മുംബൈ: ഏതൊരു ആവശ്യത്തിനും രാപ്പകലില്ലാതെ ഓടി എത്തുന്നവരാണ് പൊലീസുകാർ. ഉറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവർക്കായി അഹോരാത്രം പ്രയത്നിക്കുകയാണ് അവർ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 14 വയസുകാരിയുടെ ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വേണ്ടി രക്തം ദാനം ചെയ്ത് മാതൃക ആയിരിക്കുകയാണ് ആകാശ് ഗെയ്ക്ക്വാഡ് എന്ന കോൺസ്റ്റബിൾ.
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് സംഭവം. 14 കാരിയായ സന ഫാത്തിമ ഖാനാണ് ശസ്ത്രക്രിയക്കായി എ പോസറ്റീവ് രക്തം ആവശ്യമായി വന്നത്. നിസാർഗ ചുഴലിക്കാറ്റും കൊവിഡ് -19നും കാരണം മറ്റ് ദാതാക്കളിൽ എത്തിച്ചേരാൻ സാധിക്കാത്തതോടെയാണ് ആകാശ് രക്തം ദാനം ചെയ്തത്. വ്യാഴാഴ്ച ആയിരുന്നു ഫാത്തിമയുടെ ശസ്ത്രക്രിയ.
ചുഴലിക്കാറ്റും കൊറോണ വൈറസും കാരണം വൈദ്യശാസ്ത്രപരമായി അനുയോജ്യരായ ഒരു ദാതാവിനെ ബുധനാഴ്ച ആശുപത്രിയിലെത്തിക്കാൻ അധികൃതർക്ക് സാധിച്ചില്ല. പിന്നാലെ അന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആകാശ് രക്തം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. മുംബൈയിലെ ടാർഡിയോ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളാണ് ആകാശ്.
അതേസമയം, ആകാശിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രംഗത്തെത്തി. മുഴുവൻ പൊലീസ് സേനയും അകാശിന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ദേശ്മുഖ് പറഞ്ഞു.
ആകാശ് ഗെയ്ക്വാഡിനെപ്പോലുള്ള യോദ്ധാക്കൾക്ക് എന്റെ സല്യൂട്ട്. മുഴുവൻ പൊലീസ് കുടുംബത്തിന്റെയും തലവനെന്ന നിലയിൽ, എന്റെ പൊലീസ് സേനയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നുവെന്ന് ദേശ്മുഖിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.