ഏഷ്യാനെറ്റ് ന്യൂസിനോട് അന്നേ പറഞ്ഞു! രാഹുലിനെ മലർത്തിയടിച്ച സ്മൃതിയെ തുരത്തിയ മാജിക്ക്, കിഷോരി 'ചെറിയ മീനല്ല'
താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിഷോരി ലാൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്
റായ്ബറേലി: ഉത്തർ പ്രദേശിൽ ബി ജെ പിക്ക് കനത്ത പ്രഹരമേൽപ്പിച്ച ജനവിധിയിൽ വമ്പൻ സ്ഥാനാർഥികളിൽ പലർക്കും അടിതെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സ്വന്തം മണ്ഡലത്തിൽ വെള്ളം കുടിക്കേണ്ടി വന്ന ജനവിധിയിൽ കടപുഴകി വീണ പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം സ്മൃതി ഇറാനിയുടെ നിലംപതിക്കലാണ്. കഴിഞ്ഞ തവണ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായിരുന്ന രാഹുൽ ഗാന്ധിയെ മലർത്തിയടിച്ച സ്മൃതി ഇറാനി ഇക്കുറി ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. രാഹുലിന്‍റെ പകരക്കാരനായെത്തിയ കിഷോരി ലാൽ അക്ഷരാർത്ഥത്തിൽ മാജിക്ക് കാട്ടുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ വിജയമുറപ്പിച്ചത്.
രാഹുൽ ഗാന്ധിയാകും സ്ഥാനാർഥിയെന്ന് ഏവരും കരുതവെയാണ് അപ്രതീക്ഷിതമായി കിഷോരി ലാലിനെ കോൺഗ്രസ് കളത്തിലിറക്കിയത്. പ്രാദേശിക നേതാവ് മാത്രമായ കിഷോരി ലാലിനെ ദുർബലനായ സ്ഥാനാർഥിയെന്നാണ് ബി ജെ പിയടക്കമുള്ളവർ വിശേഷിപ്പിച്ചത്. എന്നാൽ താൻ ദുർബലനല്ല, ഏറ്റവും കരുത്തനായ സ്ഥാനാർഥിയാണെന്ന് അന്നേ കിഷോരി പറഞ്ഞിരിന്നു. അമേഠിയിലെ ജനങ്ങളെ അത്രമേൽ വിശ്വാസമുണ്ടായിരുന്ന, അടുത്തറിയുമായിരുന്ന അദ്ദേഹം, താൻ ജയിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിഷോരി ലാൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ഗാന്ധി കുടുംബത്തിന്‍റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്ന് പറഞ്ഞ കിഷോരി, സ്മൃതി ഇറാനി സാധാരണ സ്ഥാനാർത്ഥിയാണെന്നും നുണ പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നും വിമർശിച്ചിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധമുള്ള താൻ അനായാസം ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ എതിരാളികൾ വീണ്ടും വീണ്ടും കിഷോരി ലാൽ ദുർബലനാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കിഷോരി ലാൽ അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയായെന്ന് കാണാം.
തീപാറും പോരാട്ടം! ആറ്റിങ്ങൽ ഫോട്ടോ ഫിനിഷിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം