ഓക്സിജന്‍ സിലിണ്ടറിനായി ട്വിറ്ററിലൂടെ അപേക്ഷയുമായി യുവാവ്; ക്രിമിനല്‍ കേസെടുത്ത് യുപി പൊലീസ്
ട്വീറ്റ് അമേഠി എംപിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശ്രദ്ധയിലെത്തുകയായിരുന്നു. ശശാങ്കിലേക്ക് എത്താനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ മന്ത്രിയാണ് വിഷയം അമേഠി ജില്ലാ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
അമേഠി: മുത്തച്ഛന് വേണ്ടി ട്വിറ്ററിലൂടെ ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട് യുവാവിനെതിരെ ക്രിമിനല്‍ കേസ്. ഉത്തര്‍പ്രദേശിലെ അമേഠി പൊലീസാണ് യുവാവിനെതിരെ ക്രിമിനല്‍ കേസ് എടുത്ത വിവരം വ്യക്തമാക്കിയത്. സമൂഹത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് നടപടി. മഹാമാരി സമയത്ത് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരമാണ് ശശാങ്ക് യാദവ് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് ചലചിത്രതാരം സോനു സൂദിനെ ടാഗ് ചെയ്ത് ഓക്സിജന്‍ സിലിണ്ടറിന് വേണ്ടിയുള്ള ആവശ്യം വന്നത്. എന്നാല്‍ മറ്റുവിവരങ്ങള്‍ ഒന്നും നല്‍കാതെയായിരുന്നു ട്വീറ്റ്. കൊവിഡ് ചികിത്സയ്ക്ക് വേണ്ടിയാണോ ഓക്സിജന്‍ സിലിണ്ടര്‍ എന്ന കാര്യവും ട്വീറ്റില്‍ വിശദമാക്കിയിരുന്നില്ല. ഈ ട്വീറ്റ് പലരും പങ്കുവയ്ക്കുകയും ചെയ്തു. ഈ ട്വീറ്റ് അമേഠി എംപിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശ്രദ്ധയിലെത്തുകയായിരുന്നു.
ശശാങ്കിലേക്ക് എത്താനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കാണാതെ വരുകയും അതേസമയം ശശാങ്കിന്‍റെ മുത്തച്ഛന്‍ മരിച്ചതായി സുഹൃത്തിന്‍റെ ട്വീറ്റും പുറത്ത് വന്നിരുന്നു. ഈ വിവരം മന്ത്രിയെ അറിയിച്ചതോടെ ട്വീറ്റിന്‍റെ വിശദാംശങ്ങള്‍ തിരക്കുന്നത്. സ്മൃതി ഇറാനിയാണ് വിഷയം അമേഠി ജില്ലാ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
ഇതിലാണ് യുവാവിന്‍റെ മുത്തച്ഛന്‍ കൊവിഡ് രോഗിയല്ലായിരുന്നെന്നും ഓക്സിജന്‍ സിലിണ്ടറിന്‍റെ ആവശ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തുന്നത്. 88 കാരനായ മുത്തച്ഛന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും അമേഠി പൊലീസ് വ്യക്തമാക്കി. ഓക്സിജന്‍ ലഭ്യത സംബന്ധിച്ച വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു