'അംബേദ്കർ അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകം, ചിലർക്ക് ആ പേരിനോട് അലർജി', അമിത്ഷായെ ഉന്നമിട്ട് വിജയ്
അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും വിജയ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റുമായ വിജയ്. അമിത് ഷായുടെ അബേദ്കർ പരാമർശത്തിനെതിരെയാണ് വിജയുടെ പ്രതികരണം. ചില വ്യക്തികൾക്ക് അംബേദ്കറിൻ്റെ പേരിനോട് "അലർജിയുണ്ടാകാം" എന്നാണ് വിജയ് എക്സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേതെന്നും അദ്ദേഹം രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രതിനിതാനം ചെയ്യുന്ന ആളുമാണെന്ന് വിജയ്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും വിജയ് പോസ്റ്റിലൂടെ പറയുന്നു.
"അംബേദ്കർ... അംബേദ്കർ... അംബേദ്കർ... നമ്മുടെ ഹൃദയത്തിലും ചുണ്ടുകളിലും സന്തോഷത്തോടെ അദ്ദേഹത്തിൻ്റെ നാമം ജപിച്ചുകൊണ്ടേയിരിക്കാം," - ടിവികെ പ്രസിഡന്റ് വിജയ്
വിജയുടെ എക്സ് പോസ്റ്റിന്റെ പൂർണ രൂപം
ഡിസംബർ 17ന് രാജ്യസഭയിൽ അമിത് ഷാ നടത്തിയ അംബേദ്കർ പരാമർശത്തെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാർട്ടികളും അപലപിച്ചു. അംബേദ്കറുടെ പേര് ആവർത്തിച്ച് വിളിക്കുന്ന ഒരു ഫാഷൻ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷം പലപ്പോഴും ദൈവത്തിൻ്റെ പേര് എടുത്തു പറഞ്ഞിരുന്നെങ്കിൽ അവർ സ്വർഗത്തിൽ എത്തുമായിരുന്നുവെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഷായുടെ വിവാദ പരാമർശം.
ഈ പരാമർശമാകട്ടെ രാജ്യമൊട്ടാകെ വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ വിക്രവണ്ടിയിൽ നടന്ന പാർട്ടിയുടെ ആദ്യ റാലിയിൽ ടി വി കെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളിൽ ഒരാളായി അംബേദ്കറെ വിജയ് പരാമർശിച്ചിരുന്നു. 2011ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം