സഖ്യം ജെഡിഎസിനെ രക്ഷിക്കാന്‍, കേരളത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം: എച്ച് ഡി ദേവഗൗഡ

അധികാരത്തിനു വേണ്ടിയല്ല, കർണാടകയുടെ വികസനത്തിന് വേണ്ടിയാണ് എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കുന്നതെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു

alliance is for rescuing jds, statement leadership have the right to take decision in kerala- jds chief devegowda on alliance with NDA

ബെംഗളൂരു: എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിഎസ് ചേര്‍ന്നതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളെ കണ്ടുകൊണ്ടാണ് എച്ച്ഡി ദേവഗൗഡ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നുകൊണ്ട് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനനേതൃത്വത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന എച്ച്.ഡി ദേവഗൗഡയുടെ പ്രതികരണം കേരളത്തിലെ ജെഡിഎസ് നേതൃത്വത്തിന് ആശ്വാസം നല്‍കുന്നതാണ്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപിക്കില്ലെന്നും കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു.

തനിക്ക് പ്രധാനം കര്‍ണാടകയില്‍ ജെഡിഎസിനെ രക്ഷിക്കുകയെന്നതാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ജെ‍ഡിഎസ്സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2006-ൽ ജെഡിഎസ് - ബിജെപി സഖ്യസർക്കാർ കർണാടകത്തിൽ അധികാരത്തിൽ വന്നപ്പോഴും സമാനസ്ഥിതിയുണ്ടായിരുന്നു. അന്ന് കേരളത്തിലെ സംസ്ഥാനഘടകം സ്വതന്ത്രമായി തീരുമാനമെടുത്താണ് നിന്നതെന്നും ദേവഗൗഡ പറഞ്ഞു. കേരളത്തിലെ ജെഡിഎസ് ഘടകം മറ്റ് പാർട്ടികളുമായി ലയിക്കുന്ന കാര്യം ആലോചിച്ചിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രഖ്യാപനം.

ബിജെപിയുമായി സഖ്യം രൂപീകരിക്കാൻ അനുമതി നൽകിയത് അധ്യക്ഷനെന്ന നിലയിൽ താൻ തന്നെയാണെന്നും ദേവഗൗഡ പറഞ്ഞു. പാർട്ടിയിലെ 19 എംഎൽഎമാരുമായും എട്ട് എംഎൽസിമാരുമായും സഖ്യം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എല്ലാവരും ബിജെപിയുമായി ധാരണയിൽ പോകണമെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. കേന്ദ്ര മന്ത്രി അമിത് ഷായുമായും സംസാരിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമിത് ഷായുമായി താന്‍ സംസാരിക്കുന്നത്. കർണാടകത്തിലെ രാഷ്ട്രീയസാഹചര്യം അമിത് ഷായെ ധരിപ്പിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. അധികാരത്തിനു വേണ്ടിയല്ല, കർണാടകയുടെ വികസനത്തിന് വേണ്ടിയാണ് എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കുന്നതെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു.

 

Latest Videos
Follow Us:
Download App:
  • android
  • ios