'മുസ്ലീങ്ങൾ പുതുവത്സരാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം'; ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്
പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് റസ്വി പറഞ്ഞു.
ദില്ലി: മുസ്ലീങ്ങൾ പുതുവത്സരാഘോഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി ഫത്വ പുറപ്പെടുവിച്ചു. ആശംസകൾ നേരുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാൽ ഇത്തരം ആഘോഷങ്ങളിൽ ഒരിക്കലും പങ്കെടുക്കാൻ പാടില്ലെന്ന് റസ്വി വ്യക്തമാക്കി.
പുതുവത്സരാഘോഷങ്ങൾ മുസ്ലീങ്ങൾക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമല്ലെന്ന് റസ്വി പറഞ്ഞു. പുതുവത്സര ആഘോഷങ്ങൾ ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ വേരൂന്നിയതും നൃത്തവും പാട്ടും പോലെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. ഇവ ഇസ്ലാമിൽ അസന്നിഗ്ദ്ധമായി നിരോധിച്ചിരിക്കുന്നു. മുസ്ലീങ്ങൾ ഇത്തരം പരിപാടികളിൽ ഏർപ്പെടരുത്. കാരണം, ഈ പ്രവൃത്തികൾ ശരിഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങൾ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നു. ഇത്തരം പ്രവർത്തനങ്ങൾ പാപമാണെന്ന് പറഞ്ഞ അദ്ദേഹം, മുസ്ലീം യുവാക്കൾ ഇവയിൽ നിന്നെല്ലാം മാറിനിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, റസ്വിയുടെ ഫത്വയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി സൂഫി ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് കാശിഷ് വാർസി രംഗത്തെത്തി. ഇത് മുസ്ലീങ്ങൾക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന 'ഫത്വ ഫാക്ടറി'യുടെ ഉൽപ്പന്നമാണെന്ന് കാശിഷ് വാർസി വിമർശിച്ചു. മുസ്ലീം സമുദായത്തിനുള്ളിലെ യഥാർത്ഥ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യപ്പെടാതെ തുടരുകയാണ്. ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നവയാണ് പുതുവത്സരാഘോഷങ്ങൾ. സാമുദായിക ഐക്യത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും സന്ദേശമാണ് ഇതിലൂടെ പ്രചരിക്കുക. ഇസ്‌ലാമിക കലണ്ടർ ആരംഭിക്കുന്നത് മുഹറം മാസത്തിൽ ആണെന്നത് ശരിയാണെങ്കിലും, പുതുവത്സര ആഘോഷങ്ങളെ 'ഹറാം' എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
READ MORE: സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ, കലാശപ്പോരിൽ എതിരാളികൾ ബംഗാൾ