'ഒരിക്കൽ യുപി സ്കൂൾ വിദ്യാർഥി എന്നെ രാഹുൽ ഗാന്ധിയെന്ന് പറഞ്ഞു': യുപിയിലെ വിദ്യാഭ്യാസ നിലവാരം മോശമെന്ന് അഖിലേഷ്
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്നതിന് പകരം ഈസ് ഓഫ് ഡൂയിംഗ് ക്രൈം ആണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ ബിജെപി ഭരണത്തെ കടന്നാക്രമിച്ചു
ലഖ്നൗ: താൻ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഒരു സ്‌കൂളിലെ ഒരു കുട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ചെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav). യുപിയിലെ സ്കൂള്‍ വിദ്യാഭ്യാസ (UP School Education) നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം സൂചിപ്പിച്ചത്. സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ സംസാരിക്കുകയായിരുന്നു യാദവ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്നതിന് പകരം ഈസ് ഓഫ് ഡൂയിംഗ് ക്രൈം ആണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ ബിജെപി ഭരണത്തെ കടന്നാക്രമിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തിങ്കളാഴ്ച ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെ അപലപിക്കുകയും തന്‍റെ അനുഭവം നിയമസഭയില്‍ പ്രസ്താവിക്കുകയുമായിരുന്നു.
വിദ്യാഭ്യാസ സൂചികയിൽ യുപി താഴെ നിന്ന് നാലാമതായി അഖിലേഷ് യാദവ് പറഞ്ഞു നിരവധി പ്രധാനമന്ത്രിമാരെ നൽകിയ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഇതാണ്," നരേന്ദ്ര മോദി പോലും പ്രധാനമന്ത്രിയായത് സംസ്ഥാനം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഒരിക്കൽ ഒരു പ്രൈമറി സ്‌കൂളിൽ പോയിരുന്നു, അവിടെ ഒരു കുട്ടി എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് 'രാഹുൽ ഗാന്ധി' എന്നാണ്," യാദവ് പറഞ്ഞു. 2012 മുതൽ 2017 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്.
ഭരണപക്ഷത്തെ അംഗങ്ങൾ ഇത് കേട്ട് ചിരിച്ചപ്പോൾ, “അവർക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തിലല്ല, മറിച്ച് ഞാൻ കോൺഗ്രസ് നേതാവിന്റെ പേര് പറഞ്ഞതാണ് കാര്യമായി എടുത്തത്” എന്നായിരുന്നു അഖിലേഷ് യാദവിന്‍റെ മറുപടി. ക്രമസമാധാന പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിനെ അഖിലേഷ് കുറ്റപ്പെടുത്തി, "സംസ്ഥാനത്ത് ബിസിനസ്സ് ചെയ്യാൻ എളുപ്പമല്ല, കുറ്റകൃത്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ബിജെപിക്കാർ നിയമം കൈയിലെടുക്കുകയാണ്."- എന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
"ഈ ബജറ്റ് പുകയും കണ്ണാടിയുമാണ്. ബിജെപിക്ക് ഒരു പുതിയ നയമുണ്ട് -- 'ഒരു രാഷ്ട്രം, ഒരു മുതലാളി'," അദ്ദേഹം പറഞ്ഞു, സംസ്ഥാനം ഭരിക്കുന്ന പാർട്ടി വൻകിട ബിസിനസുകാർക്ക് അനുകൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. മെയ് 26ന് ധനമന്ത്രി സുരേഷ് കുമാർ ഖന്ന 2022 --23 വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.
വലിയ ബജറ്റാണെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതെന്നും എന്നാൽ ഓരോ വർഷവും ബജറ്റിന്റെ വലിപ്പം മുമ്പത്തേതിനേക്കാൾ ചെറുതാണ് എന്നാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്. കർഷകർ, തൊഴിൽരഹിതർ, സ്ത്രീകൾ, കന്നുകാലികൾ എന്നിവരെ ബജറ്റിൽ ശ്രദ്ധിച്ചില്ല. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബിജെപി വാഗ്ദ്ധാനം ചെയ്‌തിരുന്നുവെന്നും എന്നാൽ അതിന്റെ അതില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. ഭരണകക്ഷി അംഗങ്ങൾ ചിലപ്പോൾ തന്നെ "സമാജ്വാദ്" (സോഷ്യലിസം) പഠിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഖിലേഷ് യാദവും പരിഹസിച്ചു.