'യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്'; സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി കോടതിയിൽ

യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. ദില്ലി പോലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം.

Air India urination case Shankar Mishra tells in court complainant urinated on her own seat

ദില്ലി:  എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി പ്രതി കോടതിയിൽ. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ദില്ലി പട്യാല കോടതിയില്‍ പ്രതി ശങ്കര്‍ മിശ്രയുടെ വിചിത്ര വാദം.

സംഭവം വാര്‍ത്ത ആയതിന് പിന്നാലെ മദ്യപിച്ചെന്ന് കോടതിയില്‍ സമ്മതിച്ചു, മാപ്പിരന്ന് പരാതിക്കാരിക്ക് പല കുറി സന്ദേശങ്ങളയച്ചു, പതിനയ്യായിരം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇന്ന് പട്യാല കോടതിയില്‍ പ്രതി യു ടേണെടുക്കുന്നതാണ് കണ്ടത്. യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്. നര്‍ത്തികയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ട്. 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ  ആരോഗ്യപ്രശ്നമുണ്ട്. ഇങ്ങനെ പോകുന്നു പ്രതി ശങ്കര്‍ മിശ്രയുടെ വിചിത്ര വാദങ്ങള്‍. ബിസിനസ് ക്ലാസിലേത് അടച്ച സീറ്റുകളിലായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി വാദിച്ചു. ഈ ദിശയില്‍ എയര്‍ ഇന്ത്യയും അന്വേഷണം നടത്തുണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചു. 

Also Read: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ 

പരാതിക്കാരിയുടെ അടുത്തേക്ക് പോകാന്‍ കഴിയില്ലെന്ന പ്രതിയുടെ വാദം പക്ഷേ കോടതി തള്ളി. ഉന്നത ബന്ധങ്ങളുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പൊലീസ് വാദം കണക്കിലെടുത്ത് ശങ്കര്‍ മിശ്രക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. നേരത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 26നാണ് ന്യൂയോര്‍ക്ക് ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരനായ ശങ്കര്‍ മിശ്ര ദേഹത്ത് മൂത്രമൊഴിച്ചെന്ന് സഹയാത്രിക  കര്‍ണ്ണാടക സ്വദേശിയായ എഴുപതികാരി പരാതിപ്പെട്ടത്. 

സംഭവത്തിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.

Latest Videos
Follow Us:
Download App:
  • android
  • ios