ആകാശത്തുവെച്ച് എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ തകരാറിലായി, മുംബൈയിൽ തിരിച്ചിറക്കി -റിപ്പോർട്ട്
തുടർന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ദില്ലി: എയർ ഇന്ത്യ വിമാനം (Air India Flight) യാത്രമധ്യേ എൻജിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് സാങ്കേതിക തകരാർ കാരണം മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ ആകാശത്ത് വെച്ച് പ്രവർത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
തുടർന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എയർ ഇന്ത്യയുടെ എയർബസ് എ320നിയോ വിമാനങ്ങളിൽ സിഎഫ്എം ഇന്റർനാഷണലിന്റെ ലീപ് എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. രാവിലെ 9:43 ന് മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പൈലറ്റുമാർക്ക് എൻജിനിൽ ഉയർന്ന എക്‌സ്‌ഹോസ്റ്റ് വാതക താപനിലയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു. എൻജിൻ ഷട്ട്ഡൗൺ ആയതോടെ വിമാനം 10:10 ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഇന്ത്യ സുരക്ഷക്ക് മുൻതൂക്കം നൽകുമെന്നും ജീവനക്കാർ ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർത്ഥരാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.