ഇസ്രയേല്‍-പലസ്തീൻ ഏറ്റുമുട്ടല്‍; വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

സുരക്ഷ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ.

Air India cancels flight to and from Israel joy

ദില്ലി: ഇസ്രയേല്‍ സൈന്യവും പലസ്തീനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് ദില്ലിയില്‍ നിന്ന് ടെല്‍അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ദില്ലിയില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള AI139, ടെല്‍അവീവില്‍ നിന്ന് ദില്ലിയിലേക്കുള്ള AI140 വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം, ഇസ്രയേല്‍ പലസ്തീന് നേരെ നടത്തിയ ആക്രമണത്തില്‍ 200 ലേറെ പേര്‍ മരിച്ചതായും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. രാവിലെ ഹമാസ് ഇസ്രയേലിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ മരിച്ചിരുന്നു. 

ഇസ്രയേലിന് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം. പലസ്തീന്‍ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തെ തീവ്രവാദി ആക്രമണമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഞെട്ടിപ്പിക്കുന്നതെന്നും ദുര്‍ഘട സമയത്ത് ഇസ്രായേലിനൊപ്പം നില്ക്കുന്നുവെന്നും വ്യക്തമാക്കി. 'ഇസ്രായേലിലെ തീവ്രവാദി ആക്രമണം ഞെട്ടിക്കുന്നു. ആക്രമണത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും ഒപ്പമുണ്ട്. ഈ ദുര്‍ഘടമായ ഘട്ടത്തില്‍ ഇസ്രായേലിന് ഒപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. നേരത്തെ യുറേപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.  

ബങ്കറുകളില്‍ അഭയം തേടി ഇസ്രായേലിലെ മലയാളികള്‍

ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍. ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നും മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കന്‍ ഇസ്രായേല്‍ മേഖലയിലുള്ള ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ഏറ്റുമുട്ടലിന്റെ സാഹചര്യത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പും നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. 

 പലസ്‌തീൻ-ഇസ്രയേല്‍ സംഘർഷം; സംയമനം പാലിക്കണമെന്ന് ഒമാൻ 
 

Latest Videos
Follow Us:
Download App:
  • android
  • ios