കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്

ഖാര്‍ഗേയ്ക്ക് പകരം രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്‍വിജയ് സിങ്, മുകുള്‍ വാസ്നിക്ക എന്നിവരെയാണ് പരിഗണിക്കുന്നത്.

AICC Chief Election

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ  സ്ഥാനത്തേക്ക് സമ‍ർപ്പിച്ച പത്രികകളില്‍ ഇന്ന് സൂക്ഷമ പരിശോധന നടക്കും. ഒരു പദവിയെന്ന മാനദണ്ഡമുള്ളതിനാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജി വെച്ചു.  എ.കെ ആന്‍റണിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.  അതേസമയം മഹാരാഷ്ട്രയില്‍ നിന്ന് പ്രചാരണം തുടങ്ങാനാണ്  ശശി തരൂരിന്‍റെ തീരുമാനം .

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ , ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും  ത്രിപാഠി ഒരു സെറ്റ് പത്രികയും സമർപ്പിച്ചിട്ടുണ്ട്. ഇന്ന് സൂക്ഷ്മപരിശോധന നടത്തി വൈകിട്ടോടെ സ്ഥാനാർത്ഥികള്‍ ആരൊക്കെയാണെന്ന പ്രഖ്യാപനം പാർട്ടി നടത്തും. 

നാമനി‍ർദേശ പത്രിക സമ‍ർപ്പിച്ച രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാർഗെ ഇന്നലെ സോണിയാഗാന്ധിക്ക് രാജികത്ത് കൈമാറി. ചിന്തൻ ശിബിരിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡപ്രകാരമാണ് ഖാർഗെ രാജി വെച്ചത്. രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്‍വിജയ് സിങ്, മുകുള്‍ വാസ്നിക്ക എന്നിവരെയാണ് പരിഗണിക്കുന്നത്. ഇന്ന് എകെ ആന്‍റണിയുമായി ഖാർഗെ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ നാമനിർദേശ പത്രികയില്‍ മുതിര്‍ന്ന നേതാവായ ആന്‍റണിയും ഒപ്പിട്ടിരുന്നു. നന്ദിപറയാനാണ് എത്തിയതെന്നും തുടർ നടപടികള്‍ ചർച്ച ചെയ്തതായും ഖാർഗെ പറഞ്ഞു.

അതേസമയം ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന തരൂർ   തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും. എട്ടാം തീയ്യതിയാണ്  പത്രിക പിന്‍വലിക്കേണ്ട അവസാന തീയ്യതി

കേരളത്തിൽ നിന്നുള്ള എഐസിസി അംഗങ്ങൾക്ക് അവരവരുടെ യുക്തിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് പറഞ്ഞു. ശശി തരൂരും മല്ലികാർജുൻ ഖാർഗെ യും പ്രബലരായ നേതാക്കന്മാരാണ്, ഇവരിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കെ പി സി സി ഒരു നിർദേശവും നൽകില്ല. കെ പി സി സി ക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും സുധാകരൻ കണ്ണൂരിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios