ബിഹാറിന് ശേഷം യുപിയിലും ഗംഗാ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു
കഴിഞ്ഞ ദിവസം ബിഹാറിലെ ബക്‌സറില്‍ നൂറിലേറെ മൃതദേഹങ്ങളാണ് ഒഴുകിയെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ മരിച്ച കൊവിഡ് രോഗികളെ ഗംഗയില്‍ ഒഴുക്കിവിട്ടതാകാമെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്.
ഗാസിപുര്‍: ബിഹാറില്‍ ഗംഗാ നദിയിലൂടെ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലും സമാന സംഭവം. യുപിയിലെ ഗാസിപുരിലാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ബിഹാറിലെ ബക്‌സറില്‍ നൂറിലേറെ മൃതദേഹങ്ങളാണ് ഒഴുകിയെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ മരിച്ച കൊവിഡ് രോഗികളെ ഗംഗയില്‍ ഒഴുക്കിവിട്ടതാകാമെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്. മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ഗാസിപുരില്‍ അധികൃതര്‍ എത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങള്‍ എങ്ങനെയെത്തി എന്നത് പരിശോധിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് എംപി സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അതേസമയം അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. അറിയിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാകാം ഒഴുകിയെത്തുന്നതെന്ന് ഭയക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ബക്‌സര്‍ സംഭവത്തിന് ശേഷം ജലമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ തെളിവാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതെന്നും യുപി സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നതിന്റെ തെളിവാളിതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.