പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് നൽകി
പൗരത്വം നൽകുന്നതിൽ മതപരമായ വേർതിരിവ് ഭരണഘടന നൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ വിമർശിക്കുന്നു
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ചോദ്യം ചെയ്ത് ചെയ്ത് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹര്‍ജികള്‍ക്ക് ഒപ്പം ഈ ഹര്‍ജിയും കോടതി കേൾക്കും. നേരത്തെ പൗരത്വ ഭേദഗതി നിയമം മതേതരമാക്കാൻ സന്തോഷ് കുമാര്‍ രാജ്യസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. ഇക്കാര്യം കൂടി വ്യക്തമാക്കിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൗരത്വം നൽകുന്നതിൽ മതപരമായ വേർതിരിവ് ഭരണഘടന നൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ വിമർശിക്കുന്നു.