ദില്ലിയിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മി ,വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവര്‍ത്തകര്‍ കനത്ത ജാ​ഗ്രത തുടരണം

പ്രവചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയർത്തുന്നത്

AAP rejects exit poll results

ദില്ലി:തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് പ്രവർത്തകർക്ക് എഎപി നേതാക്കൾ നിർദേശം നൽകി.പുറത്തുവന്ന ഭൂരിഭാ​ഗം എക്സിറ്റ് പോൾ പ്രവചനങ്ങളിലും ബിജെപിക്കാണ് മുൻതൂക്കം. ഇത് എഎപി ക്യംപിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രവചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജ് സെന്റററുകളും സ്പാകളും നടത്തുന്ന കമ്പനികളൊക്കെയാണ് ഇപ്പോൾ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതെന്നും, പ്രവചനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമെന്നും സഞ്ജയ് സിം​ഗ് എംപി പരിഹസിച്ചു.

എക്സിറ്റ് പോളുകൾ എഎപിയെ വിലകുറച്ചു കാണുകയാണെന്നും, കോൺ​ഗ്രസ് 18 ശതമാനം വരെ വോട്ട് നേടുമെന്നും സന്ദീപ് ദീക്ഷിതും പ്രതികരിച്ചു.  കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യ അടക്കമുള്ള പ്രമുഖ ഏജൻസികളുടെ പ്രവചനങ്ങളാണ് വൈകീട്ട് പുറത്തുവരുന്നത്. അതിനിടെ ദില്ലിയിൽ ബിജെപിക്ക് സാധ്യത പ്രവചിച്ചതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിലെ സമാജ്വാദി പാർട്ടി രം​ഗത്തെത്തി. മമത ബാനർജിയോ ഡിഎംകെയോ സഖ്യത്തെ നയിക്കുകയാണെങ്കിൽ മെച്ചപ്പെട്ട ഫലമുണ്ടാകുെന്ന് എസ്പി എംപിയും അഖിലേഷ് യാദവിന്റെ പിതൃസഹോദരനുമായ രാം ​ഗോപാൽ യാദ​വാണ് പറഞ്ഞത്. ഹരിയാനയിലും ബിഹാറിലും കോൺ​ഗ്രസിന്റെ കടുംപിടുത്തമാണ് പരാജയത്തിന് കാരണമെന്നും, സഖ്യകക്ഷി നേതാക്കളോട് പോലും കോൺ​ഗ്രസ് നേതൃത്ത്വം സംസാരിക്കുന്നില്ലെന്നും എസ്പി എംപി കുറ്റപ്പെടുത്തി.
 
Latest Videos
Follow Us:
Download App:
  • android
  • ios