അർധ രാത്രിയിലൊരു ഫോൺ കോൾ, 'ആ സ്ഥാനം നിങ്ങൾ ഏറ്റെടുക്കണം'; ഇന്ത്യയെ മാറ്റി മറിച്ച തീരുമാനമുണ്ടായതിങ്ങനെ
ഉദാരവൽക്കരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ലോകത്തിന് മുന്നിൽ തുറന്നുകൊടുത്തതിനാൽ, ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റത്തിൻ്റെ തുടക്കമായിരുന്നു. സന്ദേഹിയായിരുന്നു നരസിംഹ റാവുവിനെ ഏറെ പണിപ്പെട്ടാണ് സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കിയതെന്ന് പുസ്തകത്തിൽ മൻമോഹൻ പറയുന്നു.
ദില്ലി: സാമ്പത്തിക വിദഗ്ധനായ ഡോ. മൻമോഹൻ സിങ്, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇന്ത്യയുടെ ധനമന്ത്രിയായത് കഥപോലെ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. യുജിസി ചെയർമാനായിരുന്നു അക്കാലത്ത് മൻമോഹൻ സിങ്. നെതർലൻഡിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് തിരികെയെത്തി വീട്ടിൽ ഉറങ്ങുകയായിരുന്നു. അർധരാത്രിയോടടുപ്പിച്ച് അപ്രതീക്ഷിതമായൊരു ഫോൺ കോൾ വന്നു. മറുതലയ്ക്കൽ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പി.സി. അലക്സാണ്ടർ. ഇന്ത്യയുടെ ധനമന്ത്രിയായി പ്രധാനമന്ത്രി തെരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളെയാണ്. സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങിക്കൊള്ളൂ. നിങ്ങളുടെ പ്രകടനം നന്നായാൽ ക്രെഡിറ്റ് ഞങ്ങൾ എടുക്കും. മോശമായാൽ പുറത്താക്കും- പാതി കളിയായി അലക്സാണ്ടർ പറഞ്ഞ വാചകത്തിൽ പക്ഷേ എല്ലാം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
അങ്ങനെ 1991 ജൂൺ 21ന് മൻമോഹൻ സിങ് ഇന്ത്യയുടെ ധനമന്ത്രിയായി. മൻമോഹൻ സിങ്ങിന്റെ മകൾ ദമൻ സിംഗ് എഴുതിയ 'സ്ട്രിക്റ്റ്ലി പേഴ്‌സണൽ: മൻമോഹൻ ആൻഡ് ഗുർശരൺ' എന്ന പുസ്തകത്തിലാണ് അലക്സാണ്ടറെ ഉദ്ധരിച്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഭാഗധേയം തിരുത്തിക്കുറിക്കുന്ന തെരഞ്ഞെടുപ്പാണ് താൻ നടത്തിയതെന്ന് നരസിംഹ റാവു അപ്പോൾ അറിഞ്ഞിരുന്നുവോ എന്തോ. എന്തായാലും ധനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. എന്നാൽ, തന്റെ അവസാനം വരെയും ഒരിടത്തും 1991 ലെ സാമ്പത്തിക പരിഷ്കരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മൻമോഹൻ സിങ് ശ്രമിച്ചില്ലെന്നത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.
ഉദാരവൽക്കരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ലോകത്തിന് മുന്നിൽ തുറന്നുകൊടുത്തതിനാൽ, ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റത്തിൻ്റെ തുടക്കമായിരുന്നു. സന്ദേഹിയായിരുന്നു നരസിംഹ റാവുവിനെ ഏറെ പണിപ്പെട്ടാണ് സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കിയതെന്ന് പുസ്തകത്തിൽ മൻമോഹൻ പറയുന്നു. വളരെ സമയമെടുത്താണ് റാവുവിനെ അനുനയിപ്പിച്ചത്. ഞങ്ങൾ ചെയ്യുന്നത് ശരിയാണ്, മറ്റ് വഴികളൊന്നുമില്ലെന്ന് പിന്നീട് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പക്ഷേ, ഉദാരവൽക്കരണം ഏറ്റെടുക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ദരിദ്രരെയും പരിപാലിക്കുകയും വേണമെന്ന മധ്യമാർഗമാണ് റാവു സ്വീകരിച്ചതെന്ന് മകളുടെ പുസ്തകത്തിൽ മൻമോഹൻ വിവരിച്ചു.
മിക്ക വ്യവസായങ്ങളെയും ലൈസൻസിംഗ് നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ചു. മോണോപൊളിസ് ആൻഡ് റെസ്‌ട്രിക്‌റ്റീവ് ട്രേഡ് പ്രാക്ടീസ് ആക്‌ട് ഭേദഗതി ചെയ്തു. പുതിയ നികുതി സംവിധാനം ഏർപ്പെടുത്തി. പല മേഖലകളിലെയും പൊതുമേഖലയുടെ കുത്തക അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ലോക സാമ്പത്തിക രംഗത്തേക്ക് ഇന്ത്യയും കാലെടുത്തുവെച്ചു. പുസ്തകത്തിൽ മൻമോഹൻ സിങ്ങിന്റെയും ഭാര്യ ഗുർശരൺ കൗറിൻ്റെയും 1930-കൾ മുതൽ 2004 വരെയുള്ള ജീവിത യാത്രകൾ വിവരിക്കുന്നുണ്ട്.