'എളുപ്പത്തില്‍ നിങ്ങള്‍ക്കും പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പ് സ്വന്തമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം'; Fact Check
പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നു എന്ന് അവകാശപ്പെട്ട് petrolpumpkskdealership എന്ന വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്
ദില്ലി: രാജ്യത്ത് അവസാനിക്കാതെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. എണ്ണ കമ്പനികളുടെ പേരിലാണ് ഏറ്റവുമൊടുവിലായി തട്ടിപ്പ് വ്യാപകമായിരിക്കുന്നത്. പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകള്‍ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് തട്ടിപ്പ്. മുമ്പും സമാന തട്ടിപ്പ് വെബ്‌സൈറ്റും സാമൂഹ്യമാധ്യമങ്ങളും വഴി സജീവമായിരുന്നു.
പ്രചാരണം
പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നു എന്ന് അവകാശപ്പെട്ട് petrolpumpkskdealership എന്ന വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്. പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകള്‍ വേണ്ടവര്‍ ഈ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിനായി ആപ്ലിക്കന്‍റ് ലോഗിന്‍, അപ്ലൈ നൗ എന്നീ ഓപ്‌ഷനുകള്‍ ഈ വെബ്‌സൈറ്റില്‍ കാണാം. എന്നാല്‍ ഇതൊരു വ്യാജ വെബ്‌സൈറ്റ് ആണെന്നും ഇതിന് കേന്ദ്ര സര്‍ക്കാരോ എണ്ണ കമ്പനികളോ ആയി യാതൊരു ബന്ധവുമില്ല എന്നുമാണ് ഏവരും മനസിലാക്കേണ്ടത്.
വസ്‌തുത
പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകള്‍ വാഗ്‌ദാനം ചെയ്യുന്ന വെബ്‌സൈറ്റ് വ്യാജമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. റീടെയ്‌ല്‍ ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട ആധികാരികമായ വിവരങ്ങള്‍ക്ക് petrolpumpdealerchayan.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ പിഐബി ആവശ്യപ്പെട്ടു. പിഐബിയുടെ ട്വീറ്റ് ചുവടെ കാണാം.
ഇന്ധന കമ്പനികളുടെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നത് ഇതാദ്യമല്ല. പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പ് മുമ്പും വ്യാപകമായിരുന്നു. ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജ പ്രചാരണം ഏറെക്കാലമായി നടക്കുന്നുണ്ട്. ഈ വ്യാജ പ്രചാരണങ്ങളിലും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തിയിരുന്നു.
Read more: ഡീപ്‌ഫേക്ക് എന്ന കൈവിട്ട കളി; വൈറലായി ആലിയ ഭട്ടിന്‍റെ അശ്ലീല വീഡിയോയും, സംഭവിക്കുന്നത് എന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം