മഹാ കുംഭമേളയിൽ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ 22കാരൻ ശക്തമായ ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെടുത്തി എൻഡിആർഎഫ്
ഗംഗയിൽ യുവാവ് മുങ്ങിത്താഴുന്നത് കണ്ട എൻഡിആർഎഫ് സംഘം ഉടൻ തന്നെ പുഴയിലേയ്ക്ക് ചാടി യുവാവിനെ രക്ഷിക്കുകയായിരുന്നു.
![A 22 year old man caught in a strong current while taking a dip in the Ganga during the Maha Kumbh Mela Rescued by NDRF A 22 year old man caught in a strong current while taking a dip in the Ganga during the Maha Kumbh Mela Rescued by NDRF](https://static-gi.asianetnews.com/images/01jkf4f9kccrr598hcygk1s5yc/ndrf_363x203xt.jpg)
ലഖ്നൌ: മഹാ കുംഭമേളയിൽ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ 22കാരൻ ഒഴുക്കിൽപ്പെട്ടു. ഗധ മാധവ് ഘട്ടിൽ സ്നാനം ചെയ്യുന്നതിനിടെ യുവാവ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എൻഡിആർഎഫ് സംഘം ഉടനടി ഗംഗയിലേയ്ക്ക് ചാടുകയും യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയുമായിരുന്നു.
'ഗധാ മാധവ് ഘട്ടിൽ ഗംഗയിൽ സ്നാനം ചെയ്യുന്നതിനിടെ 22 വയസുള്ള ഒരു ഭക്തൻ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട എൻഡിആർഎഫ് രക്ഷാപ്രവർത്തകർ ഉടൻ തന്നെ ആഴമേറിയ പുഴയിലേയ്ക്ക് ചാടി മുങ്ങിത്താഴുകയായിരുന്ന യുവാവിന്റെ അടുത്തെത്തി സുരക്ഷിതമായി രക്ഷിച്ച് കരയ്ക്ക് എത്തിച്ചു'. എൻഡിആർഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഫെബ്രുവരി 6ന് വൈകുന്നേരം 6 മണി വരെയുള്ള കണക്കുകൾ പ്രകാരം 71 ലക്ഷത്തോളം ആളുകളാണ് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തത്. ഇന്ന് മുതൽ മുതൽ പ്രയാഗ്രാജിൽ ബസന്ത് പഞ്ചമി സ്നാനത്തിന് ശേഷം സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കും. അടുത്ത നാല് ദിവസങ്ങളിൽ ഗായകൻ ഹരിഹരൻ ഉൾപ്പെടെയുള്ള പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ഇന്ന് (ഫെബ്രുവരി 7) ഒഡീസി നർത്തകി ഡോണ ഗാംഗുലി, ഫെബ്രുവരി 8ന് പിന്നണി ഗായിക കവിതാ കൃഷ്ണമൂർത്തി, ഫെബ്രുവരി 9ന് ക്ലാസിക്കൽ നർത്തകി സോണാൽ മാൻസിംഗ്, ഗായകൻ സുരേഷ് വാഡ്കർ, ഫെബ്രുവരി 10ന് പ്രശസ്ത ഗായകൻ ഹരിഹരൻ എന്നിവരുൾപ്പെടെ വിവിധ കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
READ MORE: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ജോണ്‍ സീനയും റോക്കും എത്തിയോ? ചിത്രങ്ങളുടെ വസ്തുത- Fact Check