ക്ലാസ് തുടങ്ങാൻ നിമിഷങ്ങൾ ബാക്കി, സ്‌കൂളിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് ഒമ്പതാം ക്ലാസുകാരൻ
കുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണെന്നും ഇതുവരെ മൊഴിയൊന്നും നൽകിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു
![9th class student committed suicide by jumping from fifth floor of the school 9th class student committed suicide by jumping from fifth floor of the school](https://static-gi.asianetnews.com/images/01jk5dc59cxgv41ze5zev3htsw/high_363x203xt.jpg)
മുംബൈ: മുംബൈയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വെള്ളിയാഴ്ച സ്‌കൂളിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നവി മുംബൈയിലെ സീവുഡ്സ് ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ രാവിലെ 7 മണിക്ക് ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് സംഭവം നടന്നതെന്ന് എൻആർഐ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്കൂൾ കെട്ടിടത്തിൽ നിന്ന് സ്കൂളിന് സമീപമുള്ള ഒരു തോട്ടിലേക്കാണ് വിദ്യാർത്ഥി ചാടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേ സമയം വിദ്യാർത്ഥിയുടെ ആത്മഹത്യ സംബന്ധിച്ചുള്ള പ്രേരണകളോ കാരണങ്ങളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണെന്നും ഇതുവരെ മൊഴിയൊന്നും നൽകിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ മയൂർ ഭുജ്ബൽ പറഞ്ഞു.
ഇതിനിടെ, മുംബൈയിലെ ഭാണ്ഡൂപ്പിൽ 23 കാരനായ ഒരാൾ ആത്മഹത്യ ചെയ്തു. വീട്ടിൽ വച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് മരിച്ചയാൾ പിതാവിന് ഒരു വീഡിയോ അയച്ചിരുന്നു. മകൻ്റെ മരണവിവരം പങ്കുവയ്ക്കാൻ മരിച്ചയാളുടെ പിതാവ് പൊലീസിനെ സമീപിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...