എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിൻ; ദില്ലിയിലെ വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത

 ഈ സാഹചര്യത്തില്‍ നോണ്‍ എസി വണ്ടിയില്‍ ടിക്കറ്റ് അവര്‍തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി

8 states approved trains to kerala during lockdown

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ എത്തിക്കാന്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. ബെംഗളൂരു- തിരുവനന്തപുരം ഐലന്‍ഡ് എക്‌സ്‌പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ ഉദേശിക്കുന്നതായി റെയില്‍വേ അറിയിച്ചു. നോൺ- എസി ട്രെയിന്‍ ഓടിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെയുള്ള അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് അയക്കാന്‍ മെയ് 18 മുതല്‍ ജൂണ് 14 വരെ 28 ട്രെയിനുകൾ അനുവദിക്കുമെന്ന് അറിയിപ്പ് വന്നിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ദില്ലിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഒരുങ്ങുന്നു

'ഡല്‍ഹിയുള്ള മലയാളി വിദ്യര്‍ഥികള്‍ക്ക് ട്രെയിന്‍ അനുവദിക്കാത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതായി ശ്രമിക്കുന്ന ഘട്ടത്തിലാണ് റെയില്‍വേ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ അതില്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുക പ്രായോഗികമല്ല. എസി ഫെയര്‍ വിദ്യാര്‍ഥികള്‍ക്ക് താങ്ങാനുമാവില്ല. ഈ സാഹചര്യത്തില്‍ നോണ്‍ എസി വണ്ടിയില്‍ ടിക്കറ്റ് അവര്‍തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദില്ലിയിലെ ഹെല്‍പ് ഡസ്ക്ക് ഇത് ഏകോപിപ്പിക്കും. ഇതിനുപുറമെ ദില്ലിയില്‍ നിന്നടക്കം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നുണ്ട്, വിശദാംശം ഉടനെ ലഭിക്കും. ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ ദില്ലിയില്‍ നിന്ന് ട്രെയിനുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം' എന്നും പിണറായി വിജയന്‍ പറഞ്ഞു. 

ഇന്ന് 16 പേര്‍ക്ക് കൊവിഡ്

ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ആര്‍ക്കും രോഗമുക്തിയില്ല. വയനാട് 5, മലപ്പറം 4, ആലപ്പുഴ, കോഴിക്കോട് രണ്ട് വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 80 പേരാണ് ചികില്‍സയിലുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios