ബിഹാറിൽ സൂര്യാതപമേറ്റ് മരിച്ചവരിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ
വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബക്സറിലാണ് ഇതിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയിട്ടുള്ളത്
പട്ന: 48 മണിക്കൂറിൽ ബിഹാറിലുണ്ടായ സൂര്യാതപമേറ്റുള്ള മരണത്തിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരെന്ന് റിപ്പോർട്ട്. 48 മണിക്കൂറിനുള്ളിൽ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ബിഹാറിലെ രോഹ്താ ജില്ലയിൽ 11 പേരും ഭോജ്പൂരിൽ ആറ് പേരും ബക്സറിൽ ഒരാളും സൂര്യാതപമേറ്റ് മരിച്ചതായാണ് സംസ്ഥാന അവശ്യസേനാ സെന്റർ വിശദമാക്കുന്നത്. രോഹ്തായിൽ മരിച്ചവരിൽ 5 പേരും ഭോജ്പൂരിലെ 2 പേരും ബക്സറിലെ ഒരാളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചവരാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ 8 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലുള്ളവരാണ് സൂര്യാതപമേറ്റ് മരിച്ചവർ. കഴിഞ്ഞ ദിവസങ്ങളിൽ സമാനതകളില്ലാത്ത രീതിയിൽ രൂക്ഷമാണ് ബിഹാറിലെ അന്തരീക്ഷ താപനില. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബക്സറിലാണ് ഇതിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 47.1 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച ബക്സറിൽ റിപ്പോർട്ട് ചെയ്തത്.
ചൂട് കൊണ്ട് വലയുന്ന ഉത്തരേന്ത്യയിൽ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഉഷ്ണ തരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്. ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളിൽ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് 5 പേർ മാത്രമാണ് ചൂടിനെ തുടർന്ന് മരിച്ചതെന്നും മാധ്യമങ്ങൾ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം