കൊവിഡ്; തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്ന് ഏഴ് മരണം
കൊവിഡ് ബാധിച്ച് ഇന്ന് മാത്രം ഏഴ് പേർ മരിച്ചു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 94 ആയി.
ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് 776 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് മാത്രം ഏഴ് പേർ മരിച്ചു. രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 94 ആയി.
ചെന്നൈയിൽ മാത്രം ഇന്ന് 567 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കേരളത്തിൽ നിന്ന് തിരിച്ചെത്തിയതാണ്. ദില്ലിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജധാനി എക്സ്പ്രസിലാണ് ഇവർ ദില്ലിയിൽ നിന്ന് എത്തിയത്. തേനി, തെങ്കാശി അതിർത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപന നിരക്കിൽ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്നാട്ടിൽ 12448 പേർക്കാണ് രോഗം ബാധിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന ഔദ്യോഗികവിവരം.
അതേസമയം, കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം പിന്നിട്ടു. 1,12,359 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45299 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുത്തു. 37136 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ചത്.