കൊവിഡ് ബെഡിനായി രോഗിയായ 75കാരന്‍ കോടതിയെ സമീപിച്ചു; ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ മരണം

കൊവിഡ് രോഗിയായ മോത്തി റാം ഗോയലിന്‍റെ  പരാതി കോടതി സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ മരിച്ചത്. 

75-year-old man approaches Delhi high court for Covid bed in bpl quota, dies hours after petition accepted

ദില്ലി: സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച എഴുപത്തഞ്ചുകാരന്‍ മരിച്ചു. ദില്ലിയിലെ നന്ദ് നഗ്രി സ്വദേശിയായ മോത്തി റാം ഗോയലാണ് കൊവിഡ് ബെഡ് അനുമതിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് രോഗിയായ ഇയാളുടെ പരാതി കോടതി സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ മരിച്ചത്. 

ദില്ലിയിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെയാണ് പിതാവിന് കൊവിഡ് ബാധിച്ചത്. നഴ്സിംഗ് ഹോമിന്‍റെ അനാസ്ഥയാണ് പിതാവിന് രോഗം വരാന്‍ കാരണമായതെന്നും മോത്തി റാം ഗോയലിന്‍റെ മകന്‍ ആരോപിക്കുന്നു. രോഗലക്ഷണം കാണിച്ചതോടെ നാല് ആശുപത്രികളെ സമീപിച്ചിട്ടും അനുകൂല നിലപാട് ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പിതാവിന് രക്തസമ്മര്‍ദ്ദം കൂടി തല കറങ്ങി വീണതിന് പിന്നാലെ മെയ് 25നാണ് ദില്ലി ഷാദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് മകന്‍ അനില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇവിടെ നിന്നാണ് അന്തവിഹാറിലെ നഴ്സിംഗ് ഹോമിലേക്ക് പിതാവിനെ റഫര്‍ ചെയ്തത്. 

ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് മോത്തി റാമിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ നിന്നും പിതാവിനെ മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും മകന്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഈ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സമ്മര്‍ദ്ദവുമുണ്ടായി.  പിതാവിന് രോഗം മൂര്‍ച്ഛിച്ചതോടെ വെന്‍റിലേറ്റര്‍ ലഭ്യമല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞുവെന്നും മകന്‍ പറയുന്നു. 

ജിടിബി, രാജീവ് ഗാന്ധി, സഞ്ജീവനി, മാക്സ് പാത്പര്‍ഗഞ്ച് ആശുപത്രികളെ പിതാവിനെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും അനുകൂല സമീപനമല്ല ഉണ്ടായത്. ബിപിഎല്‍ വിഭാഗത്തിനുള്ള കൊവിഡ് ബെഡുകള്‍ ഇല്ലെന്നായിരുന്നു ആശുപത്രികളുടെ പ്രതികരണം. സൈക്കിള്‍ റിപ്പയര്‍ കട നടത്തി ജീവിക്കുന്ന വന്‍തുക മുടക്കി സ്വകാര്യം ബെഡ് പിതാവിന് ലഭ്യമാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും അനില്‍ പറയുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജൂണ്‍ 2നാണ് ഹര്‍ജി കോടതി സ്വീകരിച്ചത്. വെള്ളിയാഴ്ചത്തേക്കായിരുന്നു ഹര്‍ജി കേള്‍ക്കാന്‍ കോടതി സമ്മതിച്ചത്. എന്നാല്‍ ജൂണ്‍ 3ന് രാവിലെ 11 മണിയോടെ മോത്തിറാം ഗോയല്‍ കൊവിഡിന് കീഴടങ്ങുകയായിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios