2024ൽ മാത്രം ജമ്മു കശ്മീരിൽ സൈന്യം വധിച്ചത് 75 ഭീകരരെ; 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരെന്ന് റിപ്പോർട്ട്

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 17 ഭീകരരെയാണ് വധിച്ചത്. 

75 terrorists killed in Jammu and Kashmir in 2024 says Report

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 75 ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേന വധിച്ച 75 പേരിൽ ഭൂരിഭാ​ഗവും വിദേശ ഭീകരരായിരുന്നുവെന്നും ഓരോ അഞ്ച് ദിവസത്തിലും ഒരു ഭീകരനെ സുരക്ഷാ സേന ഇല്ലാതാക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 17 ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടാതെ, ഉൾപ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ 26 ഭീകരരെയാണ് വധിച്ചത്. ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിലാണ് ഇവരെ വധിച്ചത്. ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര, കുൽഗാം ജില്ലകളിലുള്ള വിദേശ ഭീകരരെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ബാരാമുള്ളയിൽ മാത്രം ഒമ്പത് ഏറ്റുമുട്ടലുകളിലായി 14 പ്രാദേശിക ഇതര ഭീകരരെയാണ് വധിച്ചത്. 

ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന പ്രാദേശിക ഭീകരരുടെ സാന്നിധ്യത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നൃത്. ഈ മേഖലകളിൽ പാകിസ്ഥാൻ ഭീകരർ സജീവമാണെന്നും പ്രാദേശിക ഭീകരസംഘം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞെന്നും ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. 2024ൽ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ 122 പേർക്കാണ് ജീവൻ നഷ്ടമായത്. 
 
READ MORE: അടിയ്ക്ക് തിരിച്ചടി; ‌പാകിസ്ഥാനെ ആക്രമിച്ച് താലിബാൻ, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Latest Videos
Follow Us:
Download App:
  • android
  • ios