തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ്, മൂന്ന് മരണം
338 പേര്‍ തിരുമല തിരുപ്പതി ദേവസ്ഥാനം റെസ്റ്റ് ഹൌസില്‍ ചികിത്സയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ശ്രീനിവാസം, വിഷ്ണുനിവാസം, മാധവം എന്നീ റസ്റ്റ്ഹൌസുകള്‍ ഇതിനോടകം കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
തിരുപ്പതി: രാജ്യത്തെ സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ്. ലോക്ക്ഡൌണ്‍ കഴിഞ്ഞതിന് പിന്നാലെ ജൂണ്‍ 11 തുറന്ന ക്ഷേത്രത്തിലെ 3 ജീവനക്കാര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ച ജീവനക്കാരില്‍ 402 പേര്‍ രോഗമുക്തി നേടിയ ശേഷം ക്ഷേത്രത്തില്‍ മടങ്ങിയെത്തിയെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.
338 പേര്‍ തിരുമല തിരുപ്പതി ദേവസ്ഥാനം റെസ്റ്റ് ഹൌസില്‍ ചികിത്സയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ശ്രീനിവാസം, വിഷ്ണുനിവാസം, മാധവം എന്നീ റസ്റ്റ്ഹൌസുകള്‍ ഇതിനോടകം കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അനില്‍ കുമാര്‍ സിംഗ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അണ്‍ലോക്ക് ഡൌണിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും കര്‍ശനമായി പിന്തുടരുന്നുണ്ടെന്നും അനില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.
ധനലാഭം കണക്കാക്കിയാണ് ക്ഷേത്രം തുറന്നതെന്ന ആരോപണം ചിലരുടെ കുടിലതയാണെന്നും അനില്‍ കുമാര്‍ സിംഗ് പറയുന്നു. തീര്‍ത്ഥാടകരില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അധികം പണം കൊവിഡ് വ്യാപന നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ചെലവാകുന്നുണ്ട്. ഇതുവരെയും തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍ പൂര്‍ണ തൃപ്തരാണെന്നും ക്ഷേത്രം ജീവനക്കാര്‍ പറയുന്നു. ദര്‍ശനം, പ്രസാദം തുടങ്ങി എല്ലാ വിഷയങ്ങളിലും കര്‍ശന ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.
ജൂലൈ വരെ 2.38 ലക്ഷം തീര്‍ത്ഥാടകര്‍ കൊവിഡ് വ്യാപന മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു. 9000 ടിക്കറ്റുകളില്‍ 8500 തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 8 ന് ക്ഷേത്ര സന്ദര്‍ശനത്തിനെത്തുമെന്നും തിരുപ്പതി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. ഒരു ദിവസം 12,000 പേര്‍ക്ക് ദര്‍ശനം നല്‍കുന്ന രീതിയിലാണ് ക്ഷേത്രം ലോക്ക്ഡൌണിന് പിന്നാലെ തുറന്നത്. നേരത്തെ ക്ഷേത്രത്തിലെ മുന്‍മുഖ്യ പൂജാരി ശ്രീനിവാസ ദിക്ഷിദുലുവാണ് ക്ഷേത്ര ട്രെസ്റ്റിന് കീഴിലെ ആശുപത്രിയില്‍ മരിച്ചിരുന്നു.