ആശ്വാസം; രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 62,212 പേർക്ക് രോഗം
24 മണിക്കൂറിനിടെ 62,212 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
ദില്ലി: രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. ആകെ രോഗബാധിതർ 74 ലക്ഷം പിന്നിട്ടെങ്കിലും 7,95,087 രോഗികൾ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 62,212 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.
മഹാരാഷ്ട്രയിൽ ഇന്നലെ 11,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 13,885 പേർ രോഗമുക്തി നേടി. കർണാടകയിൽ 7,542 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,580 പേർക്ക് രോഗം ഭേദമായി. ബംഗാളിൽ ഇന്നലെ 3,771പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്. ദില്ലിയിൽ ഇന്നലെ മാത്രം 3,432 പേർക്ക് രോഗം സ്ഥിരീകരിച്ചു.